India - 2024

മതസൗഹാര്‍ദ്ധം സ്‌കൂളില്‍ നിന്നും സമൂഹത്തിലേക്ക് വളരണം: മാത്യൂ മൂലക്കാട്ട്

അമല്‍ സാബു 24-06-2016 - Friday

മതസൗഹാര്‍ദ്ധം സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് വളരണമെന്ന് കെ.സി.ബി.സി. ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ ചെയര്‍മാന്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് അഭിപ്രായപ്പെട്ടു. കമ്മീഷന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്ന മൈത്രീ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ വിമല സെന്‍ട്രല്‍ സ്‌കൂളില്‍ നിര്‍വ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു ബിഷപ്പ്. വിദ്യാര്‍ത്ഥികള്‍ ഒരു കുടുംബമായി വളരുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കണമെന്നും മാനവമൈത്രി, മതമൈത്രി, ഭൂമൈത്രി എന്നിവ പ്രചരിപ്പിക്കുന്ന കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ പങ്കാളികളാവണമെന്നും ബിഷപ്പു തുടര്‍ന്ന് പറഞ്ഞു.

ഡി.സി.എല്‍, കെ.സി.എസ്.എല്‍ തുടങ്ങിയ വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോടും ചേര്‍ന്ന് കൊണ്ടുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കമ്മീഷന്‍ സെക്രട്ടറി ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ., ഡി.സി.എല്‍. ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറ സി.എം.ഐ., സി.എം.സി. മേരി മാതാ പ്രൊവിഷ്യല്‍ സിസ്റ്റര്‍ പ്രസന്ന സി.എം.സി., സിജോ ജോസഫ് പുതുശ്ശേരി, ദേവജിത്ത് റെജി, ഫാ.പോള്‍ മണവാളന്‍, പോള്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.