News - 2024
15 വര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞ എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ കാലം ചെയ്തു
പ്രവാചകശബ്ദം 13-02-2022 - Sunday
അസ്മാര: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ 15 വര്‍ഷക്കാലം നീണ്ടുനിന്ന സര്‍ക്കാര്‍ വീട്ടുതടങ്കലിനൊടുവില്‍ കാലം ചെയ്ത ഓര്‍ത്തഡോക്സ് സഭാതലവന്‍ അബൂണെ അന്റോണിയോസിന് യാത്രാമൊഴി. അദ്ദേഹം തടങ്കലിലായിരുന്ന വീട്ടില്‍ വെച്ച് തന്നെയായിരുന്നു അന്ത്യം. യു.കെ ആസ്ഥാനമായുള്ള മതസ്വാതന്ത്ര്യ സന്നദ്ധ സംഘടനയായ ‘സി.എസ്.ഡബ്ലിയു’വിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഫെബ്രുവരി 10-നായിരുന്നു അന്ത്യം. അബൂണെ ആന്‍ഡ്രീസിലെ ആശ്രമത്തില്‍ എത്തിച്ച ഭൗതീക ശരീരം പ്രാദേശിക സമയം രാവിലെ 9നു അടക്കം ചെയ്തു. അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനുമായി ദൂരദിക്കുകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ എത്തിയെന്ന് ‘എസ്.ഡബ്ലിയു’വിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2004-ലാണ് അബൂണെ അന്റോണിയോസ് എറിത്രിയന്‍ ഓര്‍ത്തഡോക്സ് തവാഹിഡോ സഭയുടെ പാത്രിയാര്‍ക്കീസ് ആവുന്നത്. 2007-ല്‍ അദ്ദേഹം വീട്ടുതടങ്കലിലായി. ഔദ്യോഗികമായി അദ്ദേഹത്തിനെതിരെ കുറ്റവും ചുമത്തപ്പെട്ടിട്ടില്ല. എന്നാല്‍ മൂന്നു ഓര്‍ത്തഡോക്സ് വൈദികര്‍ ഉള്‍പ്പെടെ മൂവായിരത്തോളം സഭാംഗങ്ങളെ പുറത്താക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നിരസിച്ചതും, ക്രിസ്ത്യാനികളെ അന്യായമായി തടവിലാക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയതുമാണ് അദ്ദേഹത്തെ ഭരണകൂടത്തിന് മുന്നിലെ കരടാക്കി മാറ്റിയത്.
2007 മെയ് മാസത്തില്‍ എറിത്രിയന്‍ ഗവണ്‍മെന്റ് പാത്രിയാര്‍ക്കീസിനെ സ്വവസതിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയും, ബിഷപ്പ് ഡിയോസ്കോറോസ് മെന്‍ഡെഫെറായെ സര്‍ക്കാര്‍ അംഗീകൃത സഭയുടെ തലവനാക്കുകയും ചെയ്തു. സഭയുടെ നിയന്ത്രണം സര്‍ക്കാരിന്റെ കരങ്ങളില്‍ എത്തിക്കുന്നതിനുള്ള ഗൂഡ നീക്കമായിരുന്നു ഇതെന്നു പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ പറയുന്നു. പ്രമേഹ രോഗിയും, രക്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്ന പാത്രിയാര്‍ക്കീസിന് വീട്ടുതടങ്കലില്‍ വെച്ച് ചികിത്സ പോലും നിഷേധിച്ചു എന്ന ആരോപണവും ശക്തമായിരുന്നു.
“നിങ്ങളുടെ തടവുകാരെ മോചിതരാക്കൂ” എന്ന പ്രചാരണത്തിന്റെ ഭാഗമായി 2020-ല്‍ അദ്ദേഹത്തിന്‍റെ മോചനത്തിനായി ശബ്ദമുയര്‍ത്തിയ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (യു.കെ) യുടെ നാഷണല്‍ ഡയറക്ടറായ നെവില്ലെ കിര്‍ക്ക്-സ്മിത്ത് പാത്രിയാര്‍ക്കീസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. അടിച്ചമര്‍ത്തലിന്റെ മുന്നിലും മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട, എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു വ്യക്തിത്വത്തേയാണ് എറിത്രിയയിലെ ക്രിസ്ത്യാനികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകള്‍ വിശ്വാസികളെ അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള ഒരു സാക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ നിശബ്ദ പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കന്‍ രാജ്യമായ എറിത്രിയ ക്രൈസ്തവര്‍ക്കെതിരായ മത പീഡനത്തിന്റെ കാര്യത്തില്‍ പ്രസിദ്ധമാണ്. സന്നദ്ധ സംഘടനയായ 'ഓപ്പണ്‍ഡോഴ്സ്' പുറത്തുവിട്ട ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ എറിത്രിയ ആറാം സ്ഥാനത്താണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക