News - 2025

എറിത്രിയയിൽ ഒരു പതിറ്റാണ്ടായി തടവ് അനുഭവിച്ചു വരികയായിരിന്ന 13 ക്രൈസ്തവര്‍ക്ക് മോചനം

പ്രവാചകശബ്ദം 15-08-2023 - Tuesday

അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കഴിഞ്ഞ 10 വർഷമായി തടവ് അനുഭവിച്ചുവരികയായിരിന്ന 13 ക്രൈസ്തവര്‍ക്ക് മോചനം. തങ്ങളുടെ പ്രാര്‍ത്ഥനക്കു ലഭിച്ച ഉത്തരമാണ് ഇതെന്നു ' വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്' മിനിസ്ട്രി വിശേഷിപ്പിച്ചു. 7,000 ദിവസമായി ജയിലിൽ കഴിയുന്ന രണ്ട് വചനപ്രഘോഷകരുടെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ് റേഡിയോയുടെ അവതാരകനായ ടോഡ്‌ നെറ്റിൽടൺ കഴിഞ്ഞ ദിവസം രംഗത്തുവന്നിരിന്നു.

ഇതോടൊപ്പം ക്രിസ്ത്യാനികളായതിനാൽ എറിത്രിയന്‍ ഗവൺമെന്റ് തടവിലാക്കിയ നൂറുകണക്കിന് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥനാഭ്യർത്ഥനയും അദ്ദേഹം നടത്തി. ഇതിനു പിന്നാലെ പ്രാർത്ഥിക്കുന്നവരുടെ കൂട്ടായ്മയില്‍ പതിനായിരത്തിലധികം ആളുകൾ അവരുടെ പേരുകൾ ചേർത്തിരിന്നുവെന്നും പ്രാര്‍ത്ഥനക്കു ലഭിച്ച ഉത്തരമാണ് ക്രൈസ്തവരുടെ മോചനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 10 വർഷമായി തടവിൽ കഴിയുന്ന പതിമൂന്ന് എറിത്രിയൻ ക്രിസ്ത്യാനികൾ ഇന്ന് സ്വതന്ത്രരാണെന്നും ദൈവ തിരുസന്നിധിയില്‍ നന്ദിയര്‍പ്പിക്കുകയാണെന്നും ടോഡ്‌ നെറ്റിൽടൺ പറഞ്ഞു. മോചിതരായവരില്‍ ആറ് പുരുഷന്മാരും ഏഴ് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവര്‍ എല്ലാവരും 10 വർഷമായി ജയിലില്‍ തടവ് അനുഭവിക്കുകയായിരിന്നു.


Related Articles »