India

ജീവന്റെ സമൃദ്ധിക്കും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും 1000 കുടുംബങ്ങൾക്കു മുത്തിയൂട്ടുമായി ലവീത്താ മൂവ്‌മെന്റ്

പ്രവാചകശബ്ദം 20-03-2022 - Sunday

മുണ്ടക്കയം: ഇന്നലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തില്‍ വിവിധ നിയോഗങ്ങളുമായി ലവീത്താ മൂവ്‌മെന്റ് മുത്തിയൂട്ട് നേര്‍ച്ചയ്ക്ക് ആരംഭം കുറിച്ചു. കേരളമെമ്പാടും 1000 കുടുംബങ്ങൾക്കായി മുത്തിയൂട്ട് നേര്‍ച്ച നടത്താനാണ് ലവീത്താ മൂവ്‌മെന്റ് ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യത്തെ മുത്തിയൂട്ട് നേർച്ച മുണ്ടക്കയം സെന്റ് മേരിസ് ദേവാലയത്തിൽവെച്ച് നടന്നു. 20 കുടുംബങ്ങൾ മുത്തിയൂട്ടിൽ സംബന്ധിച്ചു. വികാരി റവ. ഫാ. ടോം ജോസിന്റെ നേതൃത്വത്തിൽ മുത്തിയൂട്ടിനുള്ള ക്രമീകരണങ്ങൾ നടത്തി. ലവീത്തായുടെ സ്പിരിച്വൽ ഡയറക്ടർ റവ. ഫാ.റോബർട്ട് ചവറനാനിക്കൽ വി. സി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് റവ. ഫാ. അനീഷ്‌ പൂവത്തേൽ മുത്തിയൂട്ട് ഉദ്ഘാടനം ചെയ്തു. വരും നാളുകളില്‍ അനേകം ഇടങ്ങളില്‍ മുത്തിയൂട്ട് ക്രമീകരിക്കും.

ജീവന്റെ സമൃദ്ധിക്കും, കുടുംബങ്ങളുടെയും തലമുറകളുടെയും വിശുദ്ധീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അത്മായ ശുശ്രൂഷയാണ് ലവീത്താ. 2010-ൽ അന്നത്തെ കെ‌സി‌ബി‌സി ഫാമിലി കമ്മീഷൻ ചെയർമാനായിരുന്ന ദിവംഗതനായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ അനുമതിയോടെ കെ‌സി‌ബി‌സി ആസ്ഥാനമായ പി‌ഓ‌സിയിൽ വച്ച് അദ്ദേഹത്തിൽ നിന്നും ആശീർവാദം സ്വീകരിച്ച് ഫാ. റോബർട്ട് ചവറനാനിക്കൽ വി. സി. പ്രാരംഭം കുറിച്ച ആത്മീയ ശുശ്രൂഷയാണിത്.

ലോകം മുഴുവനിലുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ ദിവസവും ലവീത്താ പ്രാർത്ഥനയിൽ പങ്കുചേരുന്നുണ്ട്.

തിരുസഭ മാർ യൗസേപ്പിനെ പ്രത്യേകമായി അനുസ്മരിക്കുന്ന 2021 വർഷം മുതൽ ഓരോ വർഷവും കേരളത്തിലെ വിവിധ രൂപതകളിലായി ആയിരം കുടുംബങ്ങൾക്കായി ലവീത്താ ശുശ്രൂഷകർ പരമ്പരാഗത രീതിയിൽ മുത്തിയൂട്ട് ക്രമീകരിക്കുന്നുണ്ട്. തിരുക്കുടുംബത്തെ അനുസ്മരിച്ച് മാർ യൗസേപ്പിന്റെ മാദ്ധ്യസ്ഥം തേടി കുടുംബങ്ങളിൽ നടത്തുന്ന ഊട്ടുനേർച്ചയാണ് മുത്തിയൂട്ട്.

ക്രൈസ്തവ കുടുംബങ്ങളിൽ ഭ്രൂണഹത്യ വഴി കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ രക്തപാതകത്തിന് പരിഹാരം തേടി, ഉദരത്തിൽ വച്ച് മരണപ്പെട്ട അജാത ശിശുക്കളെ അനുസ്മരിച്ച്, മരിച്ചുപോയ പൂർവ്വികരുടെ ആത്മശാന്തിക്ക് വേണ്ടി, ക്രൈസ്തവർക്കെതിരെയുള്ള ഇതര മതപീഡനങ്ങളും മതപരിവർത്തനങ്ങളും ഇല്ലാതാകുവാൻ, യുവജനങ്ങൾ യഥാകാലം കുടുംബജീവിതത്തിൽ പ്രവേശിക്കുവാനും വിവാഹ തടസ്സം മാറുവാനും, മക്കളില്ലാത്തവർക്ക് സന്താന സമൃദ്ധിക്കായി, വിവാഹമോചനങ്ങൾ ഇല്ലാതാകുവാൻ, തിരുസഭയിലെ കുടുംബങ്ങളിൽ ദൈവ പദ്ധതിയിലുള്ള മക്കളെല്ലാം ജനിക്കുവാനും മാമ്മോദീസാകളുടെ സമൃദ്ധിക്കും വേണ്ടി, വ്യക്തിപരമായ മറ്റു നിയോഗങ്ങൾക്കായി തുടങ്ങീ നിയോഗങ്ങളാണ് മുത്തിയൂട്ട് നേര്‍ച്ചയുടെ നിയോഗങ്ങള്‍.

ലവീത്ത സ്പിരിച്വൽ ഡയറക്ടർ: റവ. ഫാ.റോബർട്ട് ചവറനാനിക്കൽ: - 9446117172.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »