News

“ലൂര്‍ദ്ദിലേക്കുള്ള തീര്‍ത്ഥാടനം ജീവിതത്തെ മാറ്റി മറിച്ചു”: ലഹരിക്കടിമയായ മുന്‍ യു‌എസ് സൈനീകന്റെ തുറന്നുപറച്ചില്‍

പ്രവാചകശബ്ദം 11-02-2024 - Sunday

ലൂര്‍ദ്/ വാഷിംഗ്ടണ്‍ ഡി‌സി: ലഹരിയുടെ മായികലോകത്ത് ജീവിച്ചിരുന്ന മുന്‍ അമേരിക്കന്‍ മിലിട്ടറി നേഴ്സായ റിച്ചാര്‍ഡ് ജോണ്‍സണ്‍ തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തേക്കുറിച്ച് ‘വാരിയേഴ്സ് റ്റു ലൂര്‍ദ്ദ്സ്’ (ഡബ്യു.ടി.എല്‍) വാര്‍ഷിക തീര്‍ത്ഥാടനത്തിനിടെ പങ്കുവെച്ച സാക്ഷ്യം ശ്രദ്ധ നേടുന്നു. അറുപത്തിരണ്ടാമത് ഇന്റര്‍നാഷണല്‍ മിലിട്ടറി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി മെയ് 10 മുതല്‍ 16 വരെ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ലൂര്‍ദ്ദ് ദേവാലയത്തിലേക്ക് അമേരിക്കന്‍ സൈനീകര്‍ നടത്തിയ എട്ടാമത് തീര്‍ത്ഥാടനത്തിലാണ് റിച്ചാര്‍ഡിന്റെ ജീവിത സാക്ഷ്യം പങ്കുവെയ്ക്കപ്പെട്ടത്.

2001-ല്‍ കൊസോവോയിലെ സൈനീക നടപടികള്‍ക്കിടയില്‍ റിച്ചാര്‍ഡിന്റെ മുട്ടില്‍ മുറിവ് സംഭവിച്ചിരിന്നു. ഇതിന്റെ ഭാഗമായി മിലിട്ടറി നേഴ്സായിരുന്ന റിച്ചാര്‍ഡിന് ശക്തമായ വേദനസംഹാരികളാണ് നല്‍കിയിരുന്നത്. ഇത് ക്രമേണ അദ്ദേഹത്തെ ലഹരിയുടെ മായിക ലോകത്തേക്ക് നയിച്ചു. അടുത്ത 14 വര്‍ഷത്തോളം അദ്ദേഹം ഒറ്റപ്പെടലിലും, നിരാശയിലുമാണ് ജീവിച്ചത്. കത്തോലിക്കാ വിശ്വാസികളായ റിച്ചാര്‍ഡിന്റെ കുടുംബത്തിന് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു.

യാതൊരു ചിന്തയോ, വികാരമോ ഇല്ലാതെ വര്‍ഷങ്ങളോളം ഇരുട്ടിലാണ് താന്‍ കഴിഞ്ഞതെന്നും തന്റെ കുടുംബം ഒരുപാട് ദുഃഖത്തിലായിരിന്നുവെന്നും റിച്ചാര്‍ഡ് സമ്മതിക്കുന്നു. "എന്റെ അമ്മ നിരന്തം ജപമാല ചൊല്ലുമായിരുന്നെങ്കിലും എന്റെ ആത്മാവ് പൂര്‍ണ്ണമായും നഷ്ടമായതായിട്ടാണ് എനിക്ക് അന്നു തോന്നിയത്”- 47 കാരനായ റിച്ചാര്‍ഡ് പറയുന്നു. 2014-ല്‍ റിച്ചാര്‍ഡിന് കടുത്ത മാനസിക പ്രശ്നത്തെ നേരിടേണ്ടി വന്നു. ഇവയില്‍ നിന്നും 4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ മോചിതനായതെന്നു റിച്ചാര്‍ഡ് പറയുന്നു. എന്നാല്‍ റിച്ചാര്‍ഡിന്റെ നവീകരണത്തിനായുള്ള സ്വര്‍ഗ്ഗീയമായ കാത്തിരിപ്പു തുടരുകയായിരിന്നു.

2018-ലാണ് തന്റെ ജീവിതത്തിലെ 'അനുഗ്രഹങ്ങളുടെ വെള്ളപ്പൊക്കം' എന്ന് റിച്ചാര്‍ഡ് തന്നെ വിശേഷിപ്പിക്കുന്ന ആ സംഭവം നടന്നത്. തന്റെ ആത്മാവ് തനിക്ക് തിരികെ ലഭിച്ചതുപോലെയാണ് റിച്ചാര്‍ഡിന് തോന്നിയത്. പ്രാര്‍ത്ഥിക്കണം എന്ന തോന്നല്‍ അവനില്‍ ശക്തമായി. തന്റെ ഒപ്പം ആര്‍മിയില്‍ ഉണ്ടായിരുന്ന ഒരു കത്തോലിക്കാ സുഹൃത്തിന്റെ സഹായത്തോടെ അവന്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. പ്രാര്‍ത്ഥന അവനെ അകന്നു കഴിയുന്ന തന്റെ മൂത്ത സഹോദരനായ ‘ഡിജേ’യുമായി വീണ്ടും അടുപ്പിച്ചു.

“എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു” എന്ന പ്രമേയവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ് സ്പോണ്‍സര്‍ ചെയ്ത തീര്‍ത്ഥാടനത്തില്‍ സൈനീക സേവനം ചെയ്യുന്നവരും, മുന്‍ സൈനീകരും ഉള്‍പ്പെടെ ഇത്തവണ 175 പേരാണ് പങ്കെടുത്തത്. അതില്‍ റിച്ചാര്‍ഡും ഉണ്ടായിരിന്നു. ഒപ്പം സഹോദരന്‍ ‘ഡിജേ’യും. ദൈവമാണ് ഇരു സഹോദരങ്ങളെയും ഈ തീര്‍ത്ഥാടനത്തിന് ക്ഷണിക്കുവാന്‍ ക്നൈറ്റ്സ് ഓഫ് കൊളംബസിനെ പ്രേരിപ്പിച്ചതെന്ന് ഇന്ന്‍ അനേകര്‍ വിശ്വസിക്കുന്നു. താന്‍ എത്തേണ്ടിടത്ത് എത്തി എന്ന തോന്നലാണ് ലൂര്‍ദ്ദില്‍ മാതാവിന്റെ സവിധത്തില്‍ തനിക്കുണ്ടായതെന്നും, ഈ തീര്‍ത്ഥാടനം തന്നെ സംബന്ധിച്ചിടത്തോളം ഒരു സൗഖ്യം തന്നെയായി മാറിയെന്നും റിച്ചാര്‍ഡ് പറയുന്നു.

“എന്റെ ആത്മാവിന് തീര്‍ത്ഥാടനം ഒരു പുത്തന്‍ ഉണര്‍വായിരുന്നു, തീര്‍ത്ഥാടനത്തോടെ ശരിക്കും ഞാന്‍ ക്രിസ്തുവില്‍ ഒരു പുതിയ മനുഷ്യനാകുകയായിരുന്നു”- റിച്ചാര്‍ഡ് പറയുന്നു. സഹോദരന്‍ മയക്കുമരുന്നിന് അടിമയായപ്പോൾ ആരെയും ശ്രദ്ധിക്കാത്തതുപോലെ തനിക്ക് അവനെ സഹായിക്കാൻ കഴിഞ്ഞിരിന്നില്ലായെന്നും എന്നാല്‍ ദൈവത്തോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചുവെന്നും അവന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചിരിന്നുവെന്നും ഡിജേ പറഞ്ഞു. ലഹരിയുടെ അടിമത്തത്തില്‍ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്ന്‍ നേടിയ ആത്മീയവും മാനസികവുമായ സൗഖ്യവും ക്രിസ്താനുഭവവും മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുകയാണ് ഈ സഹോദരന്‍.

#Repost.

#Originally published on 26 May 2022.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »