Arts - 2025

ബെത്സയ്ദായില്‍ കണ്ടെത്തിയ പുരാതന ദേവാലയം വിശുദ്ധ പത്രോസിന്റെ ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്നു ഗവേഷകര്‍

പ്രവാചകശബ്ദം 13-08-2022 - Saturday

ഗലീലി കടലിനു സമീപം ബെത്സയ്ദായില്‍ നിന്നും 2019-ല്‍ കണ്ടെത്തിയ ദേവാലയ അവശേഷിപ്പ് യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരായ വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നതാണെന്ന പുതിയ കണ്ടെത്തലുമായി പുരാവസ്തു ഗവേഷകര്‍. “സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവും” എന്ന് ആലേഖനം ചെയ്തിരിക്കുന്ന മൊസൈക്ക് തറ കണ്ടെത്തിയതാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്. വിശുദ്ധ പത്രോസിന് നൽകുന്ന വിശേഷണമാണിത്. ബൈബിളില്‍ പറഞ്ഞിട്ടുള്ള ബെത്സയിദാ ഗ്രാമത്തില്‍ നിര്‍മ്മിച്ചിരുന്ന ബൈസന്റൈന്‍ കാലഘട്ടത്തിലെ ദേവാലയത്തിന്റേതാകാം ഇതെന്നാണ് ഗവേഷകരുടെ അനുമാനം. പ്രൊഫ. മോര്‍ദെച്ച് അവിയമിന്റേയും, പ്രൊഫ. സ്റ്റീവന്‍ നോട്ലിയുടേയും നേതൃത്വത്തില്‍ കിന്നെരത്ത് കോളജിലേയും, ന്യാക്ക് കൊളേജിലേയും കിന്നെരെത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗലീലി ആര്‍ക്കിയോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.

വിശുദ്ധ പത്രോസിന്റെ മറ്റൊരു നാമമായ സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവുമെന്ന് ഹീബ്രുഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഈ ദേവാലയം വിശുദ്ധ പത്രോസിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്ന ദേവാലയമാണിതെന്ന എട്ടാം നൂറ്റാണ്ടിലെ മെത്രാനായിരുന്ന വില്ലിബാള്‍ഡിന്റെ വിവരണം ശരിവെക്കുന്നതാണ് ഈ കണ്ടെത്തലെന്ന്‍ പ്രൊഫ. നോട്ലി പറഞ്ഞു.

“അവിടെ നിന്നും അവർ പത്രോസിന്റെയും അന്ത്രയോസിന്റേയും ഭവനമിരുന്ന ബെത്സയിദയിലേക്ക് പോയി, അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു ദേവാലയമാണുള്ളത്. അന്ന് രാത്രി അവർ അവിടെ തങ്ങി. പിറ്റേന്ന് രാവിലെ നമ്മുടെ കർത്താവ് പിശാച് ബാധിതരെ സുഖപ്പെടുത്തുകയും ഒരു പിശാചിനെ പന്നിക്കൂട്ടത്തിലേക്ക് അയക്കുകയും ചെയ്ത ചോറാസിനിലേക്ക് പോയി” - ഗലീലി കടലിന്റെ വടക്കന്‍ തീരം വഴി വിശുദ്ധ നാട്ടിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തേക്കുറിച്ച് വില്ലിബാള്‍ഡ് എഴുതിയിരിക്കുന്നത് ഇപ്രകാരമായിരുന്നു.

2019-ലാണ് ഗവേഷകര്‍ ഈ ദേവാലയ കെട്ടിടം കണ്ടെത്തുന്നത്. അന്നുമുതല്‍ അവിടെ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണ്. പൂക്കളുകളുടെയും, ജ്യാമതീയ രൂപങ്ങളുടേയും അലങ്കാരപ്പണികളും ദേവാലയത്തിലുണ്ട്. കഴിഞ്ഞവര്‍ഷമാണ്‌ ഈ മൊസൈക് തറ കണ്ടെത്തുന്നത്. 27 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണ്‌ കെട്ടിടത്തിനുള്ളത്. ഏതാണ്ട് ആറോളം ഉദ്ഘനനങ്ങള്‍ ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുരാതന യഹൂദ മതത്തിന്റെയും ക്രിസ്ത്യൻ ഉറവിടങ്ങളുടെയും പഠന കേന്ദ്രം, വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയം, ലാനിയർ തിയോളജിക്കൽ ലൈബ്രറി ഫൗണ്ടേഷൻ, ഹദാവർ യെശിവ എന്നിവരാണ് പദ്ധതി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.


Related Articles »