Arts - 2025

ലോക പ്രശസ്തമായ വത്തിക്കാന്‍ മ്യൂസിയത്തിലെ പുരാതന രൂപങ്ങള്‍ക്കു അജ്ഞാതന്‍ കേടുപാടുകള്‍ വരുത്തി

പ്രവാചകശബ്ദം 07-10-2022 - Friday

വത്തിക്കാന്‍ സിറ്റി: ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ആര്‍ട്ട് മ്യൂസിയങ്ങളില്‍ ഒന്നായ വത്തിക്കാന്‍ മ്യൂസിയത്തിലെ രണ്ട് പുരാതന റോമന്‍ അര്‍ദ്ധകായ രൂപങ്ങള്‍ അജ്ഞാതനായ വ്യക്തി മറിച്ചിട്ട് കേടുപാടുകള്‍ വരുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. മ്യൂസിയം സ്റ്റാഫ് ഇടപെട്ട് തടഞ്ഞു നിര്‍ത്തിയ അക്രമിയെ വത്തിക്കാന്‍ പോലീസെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്‍പതു വയസ്സിനു മുകളില്‍ പ്രായം തോന്നുന്ന വ്യക്തി വളരെ വിചിത്രമായാണ് പെരുമാറിയതെന്നും, അന്വേഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുവാന്‍ കഴിയില്ലെന്നും മ്യൂസിയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയെ കാണുവാന്‍ അനുവദിക്കാത്തതിന്റെ കോപം മൂലമാണ് ഈ അതിക്രമമെന്നാണ് ‘വാഷിംഗ്‌ടണ്‍ എക്സാമിന’റുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു രൂപം മനപ്പൂര്‍വ്വം മറിച്ചിട്ടതും, മറ്റേത് അയാള്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞു വീണതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയിരത്തിലധികം റോമന്‍ അര്‍ദ്ധകായ പ്രതിമകളുടെ അമൂല്യ ശേഖരമുള്‍കൊള്ളുന്ന വത്തിക്കാന്‍ മ്യൂസിയത്തിലെ ചിയാരാമോണ്ടി ഹാളില്‍ ഉണ്ടായിരുന്ന പ്രതിമകളാണ് അജ്ഞാതന്‍ മറിച്ചിട്ടത്. നിസ്സാര കേടുപാടുകള്‍ പറ്റിയ പ്രതിമകള്‍, അറ്റകുറ്റപ്പണികള്‍ക്കായി പുനരുദ്ധാരണ ലാബില്‍ എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 1972-ലാണ് വത്തിക്കാനിലെ കലാസൃഷ്ടികള്‍ക്കെതിരായ ഏറ്റവും കുപ്രസിദ്ധമായ ആക്രമണം നടന്നത്. സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ ഒരു വശത്ത് സ്ഥാപിച്ചിരുന്ന ലോക പ്രശസ്ത ഇറ്റാലിയന്‍ ശില്‍പ്പിയായ മൈക്കേല്‍ ആഞ്ചെലോ സൃഷ്ടിച്ച വിശ്വപ്രസിദ്ധമായ ‘പിയാത്ത’ എന്ന രൂപം ഹംഗറി സ്വദേശിയായ ഒരാള്‍ ചുറ്റിക ഉപയോഗിച്ച് കേടുപാടുകള്‍ വരുത്തിയിരിന്നു.

മാതാവിന്റെ രൂപത്തിന്റെ ഇടതുകൈ തകര്‍ക്കുകയും, മൂക്കിനും, ശിരോവസ്ത്രത്തിനും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. നവോത്ഥാന കാലത്തെ ഈ അമൂല്യ കലാസൃഷ്ടി ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ്‌ ഗ്ലാസ്സ് കൊണ്ട് മറച്ച് സുരക്ഷിതമാക്കിയിരിക്കുകയാണ്. റാഫേല്‍, ലിയാണാര്‍ഡോ ഡാവിഞ്ചി, മൈക്കേല്‍ ആഞ്ചെലോ, തുടങ്ങിയ ലോക പ്രശസ്ത കലാകാരന്‍മാരുടെ വിശ്വോത്തര സൃഷ്ടികളുടെ അമൂല്യ ശേഖരമാണ് വത്തിക്കാന്‍ മ്യൂസിയം. ലോക പ്രശസ്തമായ സിസ്റ്റൈന്‍ ചാപ്പലും ഈ മ്യൂസിയത്തിന്റെ ഭാഗമാണ്. കോവിഡ് മഹാമാരിക്ക് തൊട്ടുമുന്‍പിലത്തേ വര്‍ഷം ഏതാണ്ട് 60 ലക്ഷത്തോളം ആളുകളാണ് മ്യൂസിയം സന്ദര്‍ശിച്ചത്.


Related Articles »