News
എയര്‍പോര്‍ട്ടിനു പിന്നാലെ കാപ്പിറ്റോള്‍ ചാപ്പലും പൊതു ആരാധനാലയമാക്കാന്‍ ശ്രമം; കൊളംബിയയില്‍ പ്രതിഷേധം
പ്രവാചകശബ്ദം 22-09-2022 - Thursday
ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയിലെ എല്‍ ഡൊറാഡോ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിനു പിന്നാലെ കാപ്പിറ്റോള്‍ മന്ദിരത്തിലെ ചാപ്പലും പൊതു ആരാധനാലയമാക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധം. കൊളംബിയന്‍ പാര്‍ലമെന്റംഗങ്ങള്‍ യോഗം ചേരുന്ന കാപ്പിറ്റോള്‍ മന്ദിരത്തിലെ കത്തോലിക്ക ചാപ്പല്‍ സര്‍വ്വമതസ്ഥര്‍ക്കും വേണ്ടിയുള്ള പൊതു ആരാധനാലയമാക്കുവാനുള്ള നിര്‍ദ്ദേശം കൊളംബിയന്‍ കോണ്‍ഗ്രസ്സ് അംഗം ജുവാന്‍ കാര്‍ലോസ് ലൊസാഡയാണ് മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. കത്തോലിക്ക സഭക്കെതിരായ മതപീഡനം തന്നെയാണ് ഈ നടപടിക്ക് പിന്നിലെന്ന് കൊളംബിയന്‍ മെത്രാന്‍ സമിതിയുടെ പ്രബോധന ഐക്യ സംവാദ വിഭാഗത്തിന്റെ തലവനായ ഫാ. റൌള്‍ ഓര്‍ട്ടിസ് പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്തംബർ 14നു ലിബറൽ പാർട്ടി അംഗമായ ലൊസാഡ, നാഷണൽ കാപ്പിറ്റോളിൽ സ്ഥിതി ചെയ്യുന്ന മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻ ചാപ്പലിനെ നിഷ്പക്ഷ ആരാധനാലയമാക്കി മാറ്റുന്നതിനുള്ള പ്രമേയം ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ച വിവരം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യമായ ഹിസ്റ്റോറിക്കല്‍ പാക്റ്റ് അംഗമായ അലീരിയോ ഉരീബെയും, ഔദ്യോഗികമായി പിരിച്ചുവിടപ്പെട്ട റെവല്യൂഷണറി ആംഡ് ഫോഴ്സസസിന്റെ രാഷ്ട്രീയ വിഭാഗമായ കോമ്മണ്‍സ് പാര്‍ട്ടി അംഗവുമായ ലൂയിസ് ആല്‍ബര്‍ട്ടോ അല്‍ബാനുമാണ് പ്രമേയത്തില്‍ ലൊസാഡോക്ക് പുറമേ ഒപ്പ് വെച്ചിരിക്കുന്നവര്‍. ഈ നീക്കത്തിനെതിരെ ഇതിനോടകം തന്നെ കോൺഗ്രസ് അംഗങ്ങളും, കത്തോലിക്കാ നേതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നുകഴിഞ്ഞു.
#LaCapillaSeQueda (ചാപ്പൽ നിലനില്‍ക്കും) എന്ന ഹാഷ്‌ടാഗിലൂടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണ്. എല്‍ ഡൊറാഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കത്തോലിക്കാ ചാപ്പല്‍ പൊതു ആരാധനാലയമാക്കി വെറും മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് മറ്റൊരു കത്തോലിക്ക ചാപ്പല്‍ കൂടി പൊതു ആരാധനാലയമാക്കുവാനുള്ള നീക്കം നടക്കുന്നത്. ബൊഗോട്ടയിലെ ഗവണ്‍മെന്റ് ഓഫ് മേയേഴ്സ് ഓഫീസിലെ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് കത്തോലിക്ക ചാപ്പല്‍ പൊതു ആരാധനാലയമാക്കി മാറ്റിയതെന്ന് എയര്‍പോര്‍ട്ടിന് മേല്‍നോട്ടം വഹിക്കുന്ന കമ്പനി വ്യക്തമാക്കിയതായി ഫോണ്ടിബോണ്‍ മെത്രാന്‍ ജുവാന്‍ വിന്‍സെന്റ് കൊര്‍ഡോബ വെളിപ്പെടുത്തിയിരിന്നു.
2018-ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പൊതുനയത്തിന്റെ തെറ്റായ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകളാണ് ഈയിടെയായി കണ്ടുവരുന്നതെന്നു ഫാ. ഓര്‍ട്ടിസ് പറയുന്നു. മതനിരപേക്ഷത കൊണ്ടുവരുന്നതിന് പൊതു സ്ഥലങ്ങളിലുള്ള കത്തോലിക്ക ആരാധനാലയങ്ങള്‍ ഇല്ലാതാക്കണമെന്ന് ചിലരേയെങ്കിലും ചിന്തിപ്പിക്കുവാന്‍ ഈ തെറ്റായ വ്യാഖ്യാനത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യം അര്‍ത്ഥമാക്കുന്നത് നിഷ്‌പക്ഷ ആരാധന എന്നൊന്നില്ലെന്നു ചൂണ്ടിക്കാട്ടിയ ഫാ. ഓര്‍ട്ടിസ് ആഭ്യന്തര മന്ത്രാലയത്തിന്റെ മതകാര്യ ഡയറക്ടറേറ്റിനോട് കത്തോലിക്ക ആരാധനാലയങ്ങളെ ബഹുമാനിക്കണമെന്ന് കൊളംബിയന്‍ കത്തോലിക്ക സഭ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക