Arts - 2024

ക്യൂബയിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സന്ദര്‍ശനത്തിനും ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിച്ചതിനും കാല്‍ നൂറ്റാണ്ട്

പ്രവാചകശബ്ദം 04-12-2022 - Sunday

ഹവാന: കരീബിയന്‍ രാഷ്ട്രമായ ക്യൂബയിലെ ക്രൈസ്തവരുടെ ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷത്തിന് പ്രത്യേകതകള്‍ ഏറുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഭരണകൂടം ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിച്ചതിനും ഇത്തവണ കാൽ നൂറ്റാണ്ട് തികയുന്നു. ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ക്യൂബന്‍ മെത്രാന്മാര്‍ ഇക്കഴിഞ്ഞ നവംബര്‍ 30-ന് പുറത്തുവിട്ട സന്ദേശത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് ഈ രണ്ട് കാര്യങ്ങളാണ്. 1998 ജനുവരി 21 മുതല്‍ 26 വരെയുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ക്യൂബന്‍ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്നത്തെ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ ക്യൂബയില്‍ ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിക്കുകയായിരുന്നു. 1997 ഡിസംബര്‍ 13-നായിരുന്നു ഈ പ്രഖ്യാപനം. ഫിഡല്‍ കാസ്ട്രോയുടെ 1996-ലെ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടയില്‍ ക്യൂബന്‍ സഭയുടെ ആഗ്രഹം മാനിച്ച് ഇക്കാര്യം പാപ്പ തന്നെ കാസ്ട്രോയോട് ആവശ്യപ്പെടുകയായിരുന്നു.

കരിമ്പിന്‍ വിളവെടുപ്പ് തടസ്സപ്പെടാതിരിക്കുവാന്‍ ഭരണകൂടം പൊതു അവധി മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനെ തുടര്‍ന്ന്‍ 1968-ലായിരുന്നു ക്യൂബയില്‍ അവസാനമായി ക്രിസ്തുമസ് പൊതു അവധിയായി ആഘോഷിക്കപ്പെട്ടത്. “ക്രിസ്തുമസിന് പുതിയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്, നമ്മുടെ ജീവിതങ്ങള്‍ പങ്കുവെക്കുവാനും, നമ്മോടൊപ്പം നടക്കുവാനും, സഹോദരങ്ങളെന്ന നിലയില്‍ ജീവിക്കുവാനും പഠിപ്പിച്ച ഉണ്ണിയേശുവിനെ തങ്ങള്‍ വരവേല്‍ക്കുകയാണെന്ന് ക്യൂബന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു. ഇക്കൊല്ലം ക്രിസ്തുമസ്സ് അവധിയായി പ്രഖ്യാപിക്കപ്പെട്ടിട്ട് 25 വര്‍ഷങ്ങള്‍ തികയുകയാണെന്നും അതിനാല്‍ കുടുംബങ്ങള്‍ക്കൊപ്പം ഈ ആഘോഷം പങ്കിടുവാനും, തങ്ങളുടെ സഭാ സമൂഹത്തോടൊപ്പം ഈ ആഘോഷത്തില്‍ പങ്കുചേരുവാനും ഈ അവധി നമ്മളെ അനുവദിക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. കുടിയേറ്റത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരേ മെത്രാന്‍മാരുടെ സന്ദേശത്തില്‍ പ്രത്യേകം അഭിവാദ്യം ചെയ്യുന്നുണ്ട്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനത്തിന് ഈ ജനുവരിയില്‍ കാല്‍ നൂറ്റാണ്ട് തികയുകയാണെന്നും ഇതിന്റെ ഓര്‍മ്മപുതുക്കുവാന്‍ രൂപതാ തലത്തില്‍ ജനുവരി 24 മുതല്‍ പ്രത്യേക ആഘോഷപരിപാടികള്‍ ഉണ്ടായിരിക്കുമെന്നും മെത്രാന്മാര്‍ അറിയിച്ചു. “ക്യൂബ അതിന്റെ എല്ലാ മഹത്വപൂര്‍ണ്ണമായ സാധ്യതകളോടും കൂടി ലോകത്തിനായി തുറക്കട്ടെ, അതുപോലെ ലോകം ക്യൂബക്കായും തുറക്കട്ടേ” എന്നാണ് ക്യൂബയില്‍ കാലുകുത്തിയ 1998 ജനുവരി 21-ന് പരിശുദ്ധ പിതാവ് പറഞ്ഞത്.


Related Articles »