Faith And Reason - 2024
ക്രൈസ്തവ നരഹത്യ അരങ്ങേറിയ കന്ധമാല്‍ ജില്ലയിലെ മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് അരലക്ഷത്തോളം വിശ്വാസികള്‍
പ്രവാചകശബ്ദം 06-03-2023 - Monday
കന്ധമാല്‍: കിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പാര്‍ട്ടാമ മരിയന്‍ ദേവാലയത്തില്‍ നടന്ന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് അരലക്ഷത്തോളം വിശ്വാസികള്‍. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം നീണ്ട രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഈ തീര്‍ത്ഥാടനം നടക്കുന്നത്. കട്ടക്-ഭുവനേശ്വര്‍ അതിരൂപതാ മെത്രാപ്പോലീത്ത ജോണ്‍ ബര്‍വ തിരുനാള്‍ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 55 വൈദികരും, 25 സന്യസ്തരും ഉള്‍പ്പെടെ ഏതാണ്ട് അരലക്ഷത്തോളം ആളുകള്‍ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തിയെന്നു ഹോളി റോസറി ദാരിങ്ങ്ബാദി ഇടവക വികാരി ഫാ. മുകുന്ദ് ദേവാണ് വെളിപ്പെടുത്തിയത്. 2008 ഓഗസ്റ്റ് മാസത്തില്‍ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ നൂറിലധികം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്ത കന്ധമാല്‍ ജില്ലയില്‍ തന്നെയാണ് വിശ്വാസികള്‍ മഹാസമുദ്രമായി മാറിയ തിരുനാള്‍ നടന്നതെന്ന വസ്തുതയാണ് ഏറെ ശ്രദ്ധേയമാക്കുന്നത്.
ഇത്രയധികം ആളുകള്‍ ഒരുമിച്ച് കൂടിയത് ക്രിസ്തുവിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നതിന്റേയും, പരിശുദ്ധ കന്യകാമാതാവിനെ സ്വീകരിക്കുന്നതിന്റേയും അടയാളമാണെന്നു ഫാ. മുകുന്ദ് പറഞ്ഞു. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയിലും, യുക്രൈനിലും സമാധാനം പുനഃസ്ഥാപിക്കപ്പെടുവാനും, 2008-ല്‍ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സഭയുടെ രക്തസാക്ഷികളായി പ്രഖ്യാപിക്കപ്പെടുന്നതിനും വേണ്ടി തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവര്‍ പ്രാര്‍ത്ഥിച്ചുവെന്ന് ദേവാലയത്തിന്റെ ഡെവലപ് കമ്മിറ്റി സെക്രട്ടറിയായ സരജ് നായക് പറഞ്ഞു. മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ഒരു സംഭവമാണ് ഇവിടെ തീര്‍ത്ഥാടന കേന്ദ്രമായി മാറിയതിന് പിന്നില്‍.
1994 മാര്‍ച്ച് 5-ന് വിറക് ശേഖരിക്കുവാനായി പര്‍ട്ടാമ മലമുകളില്‍ പോയ കോമളാദേവി എന്ന വിധവയായ ഹിന്ദു സഹോദരി വെള്ള വസ്ത്രം ധരിച്ച നീണ്ട മുടിയും, താടിയുമുള്ള ഒരാളെ കാണുകയുണ്ടായി. കുറച്ചു സമയത്തിന് ശേഷം അയാള്‍ അപ്രത്യക്ഷനായി. അതിന് ശേഷം ദൂരെ നിന്നും മനോഹരിയായ ഒരു സ്ത്രീ കോമളാദേവിയെ വിളിച്ച്, പാപികളുടെ മാനസാന്തരത്തിനായി ജപമാല ചോല്ലുവാനായി ഒരു ദേവാലയം നിര്‍മ്മിക്കുവാന്‍ പ്രാദേശിക പുരോഹിതനോട് ആവശ്യപ്പെടുവാന്‍ പറഞ്ഞു. കോമളാദേവിയുടെ ആവശ്യം കേട്ട് ആളുകള്‍ അവളെ കളിയാക്കി ചിരിക്കുകയായിരുന്നു. മറ്റൊരു ദിവസം പന്ത്രണ്ടു വയസ്സുള്ള ഒരു ആണ്‍കുട്ടി വന്ന് കോമളാദേവിയോട് വീണ്ടും അതേ മലമുകളില്‍ പോകുവാന്‍ ആവശ്യപ്പെട്ടു.
മലമുകളില്‍ എത്തിയ കോമളാദേവിക്ക് ഒരു സ്ത്രീ പ്രത്യക്ഷപ്പെടുകയും യേശുവിന്റെ അമ്മയാണെന്നും, യേശുവിനോട് കൂടുതല്‍ അടുക്കുവാന്‍ ദിവസവും ജപമാല ചൊല്ലുവാനും ആവശ്യപ്പെട്ടു. തുടര്‍ന്ന്‍, അന്നത്തെ ഇടവകവികാരിയായിരുന്ന ഫാ. അല്‍ഫോണ്‍സെ ബല്ല്യാര്‍സിംഗ് ഒരു പാരിഷ് കമ്മിറ്റി രൂപീകരിക്കുകയും മാതാവ് കോമളാദേവിക്ക് ദര്‍ശനം നല്‍കിയ ആല്‍മരത്തിന് അടുത്തായി ഒരു ചെറിയ ഗ്രോട്ടോ നിര്‍മ്മിക്കുകയുമായിരിന്നു. വൈകാതെ ആഗ്നസ് എന്ന പേരില്‍ കോമളാദേവി ജ്ഞാനസ്നാനം സ്വീകരിച്ചിരിന്നു.
ബൌധ്, കട്ടക്, കന്ധമാല്‍, കേന്ദ്രപാര, ഖുര്‍ദാ, ജഗത്ത്സിംഗ്പൂര്‍, ജെയ്പൂര്‍, നായഗഡ്, പുരി എന്നീ സിവില്‍ ജില്ലകള്‍ അടങ്ങുന്നതാണ് കട്ടക്-ഭുവനേശ്വര്‍ അതിരൂപത. അതിരൂപതയിലെ 70,000-ത്തോളം വരുന്ന കത്തോലിക്കര്‍ക്കായി 39 ഇടവകകള്‍ മാത്രമാണുള്ളത്. സമീപകാലത്ത് രൂപം കൊണ്ട് സോണ്‍പൂര്‍, ബാറോഖോമ ഉള്‍പ്പെടെ കന്ധമാല്‍ ജില്ലയില്‍ മാത്രം 26 ഇടവകകളിലായി 50,000-ത്തോളം കത്തോലിക്കാ വിശ്വാസികളുണ്ട്.