Social Media

ക്രൂശിതന്റെ ചാരേ നിൽക്കാം | തപസ്സു ചിന്തകൾ 24

പ്രവാചകശബ്ദം 15-03-2023 - Wednesday

“ഇതാ, നമ്മുടെ പ്രത്യാശയുടെ ഏക അടിസ്ഥാനമായ ക്രൂശിക്കപ്പെട്ട ഈശോ മിശിഹാ; അവൻ നമ്മുടെ മധ്യസ്ഥനും അഭിഭാഷകനുമാണ്; നമ്മുടെ പാപങ്ങൾക്കുള്ള ബലിവസ്തുവും ബലിയുമാണ്. അവൻ നന്മയും ക്ഷമയുമാണ്; അവന്റെ കാരുണ്യം പാപികളുടെ കണ്ണുനീരാൽ ചലിപ്പിക്കപ്പെടുന്നു, യഥാർത്ഥ പശ്ചാത്താപത്തോടും വിനീതമായ ഹൃദയത്തോടും കൂടെ നാം ചോദിക്കുന്ന ഒരു കൃപയും അവൻ ഒരിക്കലും നിരസിക്കുന്നില്ല" - വി. ചാൾസ് ബോറോമിയോ.

ക്രൂശിക്കപ്പെട്ട ഈശോ നമ്മുടെ പാപങ്ങൾക്കുള്ള പരിഹാര ബലിവസ്തുവും ബലിയുമാണ്. അവന്റെ കുരിശിലെ കാരുണ്യമാണ് പാപികളെ പശ്ചാത്താപത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. കുരിശുവഴിയാണ് യേശു അനുരജ്ഞനം സാധിച്ചതെന്ന് എഫേസോസ് 2 : 16 - ൽ പറയുന്നു. അവൻ നന്മയും ക്ഷമയുമാണ്. ക്രൂശിതന്റെ മുമ്പിൽ നിൽക്കുമ്പോൾ നന്മയിലും ക്ഷമയിലും മനുഷ്യൻ വളരുകയാണ് ചെയ്യുന്നത്. മനുഷ്യത്വത്തിന്റെ പാഠശാലയും ക്ഷമയുടെ മഹാസാഗരവും ആണ് ഈശോയുടെ കുരിശിൻ ചുവട്. കുരിശും ചുവട്ടിൽ വിനീതമായ ഹൃദയത്തോടെ നാം ചോദിക്കുന്ന ഏത് കൃപയും അവിടുന്ന് നിരസിക്കുന്നില്ല.

നോമ്പുകാലം പാതി എത്തുമ്പോൾ കുരിശും ചുവട്ടിൽ നിൽക്കാനാണ് തിരുസഭ നമ്മളോട് ആവശ്യപ്പെടുന്നത്. കുരിശിന്റെ അരികിൽ നിൽക്കുക, ക്രൂശിതനിലേക്ക് ദൃഷ്ടികൾ പായിക്കുക ഇവ രണ്ടുമാണ് പരമപ്രധാനം. കുരിശിൻ ചുവട്ടിൽ നിൽക്കുന്നവർക്കാണ് ക്രൂശിതനെ ശരിക്കും മനസ്സിലാക്കാൻ സാധിക്കുക. ക്രൂശിതനെ ശരിക്കും മനസ്സിലാക്കിയാലേ അവനുവേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കുവാനും വിട്ടുപിരിയാൻ കഴിയാത്ത ആത്മ ബന്ധം സ്ഥാപിക്കാനും നമുക്കു കഴിയൂ. ക്രൂശിതാ നിന്നരികിൽ നിൽക്കാനും നിന്നെ സദാ കാണാനും ഞങ്ങളെ അനുഗ്രഹിക്കണമേ.


Related Articles »