Social Media

പ്രാർത്ഥനാ ജീവിതത്തിന്റെ രണ്ടു ചിറകുകൾ | തപസ്സു ചിന്തകൾ 27

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 19-03-2023 - Sunday

''നിങ്ങളുടെ പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്ക് പറക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതിനു രണ്ട് ചിറകുകള്‍ ഉണ്ടാവണം: ഉപവാസവും ദാനധര്‍മ്മവും' - ഹിപ്പോയിലെ വി. ആഗസ്തിനോസ്.

നോമ്പുകാലത്തു നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തിന് സഹായകരമായ രണ്ടു ചിറകുകളാണ് ഉപവാസവും ദാനധര്‍മ്മവും. നോമ്പു യാത്ര മുന്നോട്ടുഗമിക്കുമ്പോള്‍ ദൈവസന്നിധിയില്‍ നമ്മുടെ പ്രാര്‍ത്ഥന എത്തുന്നുണ്ടോ എന്നു നാം വിലയിരുത്തേണ്ട സമയമാണ്. 'പ്രാര്‍ത്ഥന ജീവിതത്തിന്റെ പ്രാണവായുവാണ്: ശ്വസിക്കാതെ നമുക്കു ജീവിക്കാന്‍ കഴിയാത്തതു പോലെ തന്നെ, പ്രാര്‍ത്ഥന കൂടാതെ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല,'എന്നു ഫ്രാന്‍സീസ് പാപ്പ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥന ദൈവത്തിലേക്ക് നമ്മുടെ ഹൃദയം തിരിക്കലാണന്നു മതപഠന ക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ട്. ഉപവാസവും ദാനധര്‍മ്മവും അതിനൊപ്പം ചേരുമ്പോള്‍ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ വേഗം എത്തിച്ചേരുമെന്നാണ് വിശുദ്ധ ആഗസ്തിനോസ് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത്.

ഉപവാസവും ദാനധര്‍മ്മവും ദൈവത്തിങ്കലേക്കും സഹോദരങ്ങളിലേക്കും കൂടുതല്‍ അടുക്കാനുള്ള വഴികളാണ്. ദൈവത്തോടുകൂടെയുള്ള വാസമാണ് ഉപവാസമെങ്കില്‍ പരസ്‌നേഹത്തിന്റെ ഉദാത്ത വഴിയാണ് ദാനധര്‍മ്മം. ഈശോ ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിനായി ഉപവാസത്തിലും ദാനധര്‍മ്മത്തിലും അധിഷ്ഠിതമായ പ്രാര്‍ത്ഥന ശീലങ്ങളാണ് നോമ്പിന്റെ തീവ്രദിനങ്ങളില്‍ നാം പരിശീലിക്കേണ്ടത്.


Related Articles »