Faith And Reason

ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കുക ലക്ഷ്യം: ലോസ് ആഞ്ചലസില്‍ നാളെ 6 മൈല്‍ നീളുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം

പ്രവാചകശബ്ദം 24-03-2023 - Friday

ലോസ് ആഞ്ചലസ്: ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി അമേരിക്കയിലെ ലോസ് ആഞ്ചലസ് ആർച്ച് ബിഷപ്പ് ജോസ് ഗോമസിന്റെ നേതൃത്വത്തിൽ നഗരത്തിൽ നാളെ മാർച്ച് 25 ശനിയാഴ്ച ദിവസം ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. അമേരിക്കൻ മെത്രാൻ സമിതി തുടക്കം കുറിച്ച നാഷണൽ യൂക്കരിസ്റ്റിക്ക് റിവൈവലിന്റെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യ പ്രദക്ഷിണം ക്രമീകരിച്ചിരിക്കുന്നത്. ലോസ് ആഞ്ചലസിലെ സാൻ ഗബ്രിയേൽ മിഷൻ ദേവാലയത്തിൽ നിന്നും മൂന്ന് മൈലുകൾ താണ്ടി റോഡിലൂടെ സഞ്ചരിച്ച് വിശുദ്ധ ലൂക്കായുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ എത്തിയതിനു ശേഷം, തിരികെ സാൻ ഗബ്രിയേൽ ദേവാലയത്തിലേക്ക് തന്നെ മടങ്ങുന്ന രീതിയിലാണ് ദിവ്യകാരുണ്യ പ്രദിക്ഷണം ഒരുക്കുന്നത്. ആകെ ആറര മൈലാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ ആകെ ദൂരം.

2020ൽ സാൻ ഗബ്രിയേൽ ദേവാലയം അഗ്നിക്ക് ഇരയാക്കപ്പെട്ടിരുന്നു. പുനർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം സെപ്റ്റംബർ മാസമാണ് രണ്ടുവർഷത്തിനുശേഷം ആദ്യമായി ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്. രാവിലെ എട്ടരയ്ക്ക് വിശുദ്ധ കുർബാന അർപ്പണത്തോട് കൂടിയായിരിക്കും ദിവ്യകാരുണ്യ പ്രദക്ഷിണം ആരംഭിക്കുക. മെത്രാൻ സമിതിയുടെ രൂപതാ തലത്തിലെ ദിവ്യകാരുണ്യ ഭക്തി പുനരുജീവന പരിപാടികൾക്ക് കഴിഞ്ഞ ജൂൺമാസമാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽവെച്ചു നടന്ന നൂറോളം ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളോടുകൂടി തുടക്കമായത്. ഇതിന്റെ ഭാഗമായി വിശ്വാസികൾക്ക് ദിവ്യകാരുണ്യത്തെ പറ്റി കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള കർമ്മ പദ്ധതികൾ വിവിധ രൂപതകൾ നടപ്പിലാക്കി വരുന്നുണ്ട്.

അമേരിക്കയിലെ കത്തോലിക്ക വിശ്വാസികളിൽ മൂന്നിൽ രണ്ട് ഭാഗത്തിന് വിശുദ്ധ കുർബാനയിലെ യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെ കുറിച്ച് ബോധ്യങ്ങള്‍ ഇല്ലെന്ന് 2019ൽ പ്യൂ റിസർച്ച് നടത്തിയ സർവ്വേയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നാഷണൽ യൂക്കരിസ്റ്റിക്ക് റിവൈവലിനെ പറ്റി മെത്രാൻ സമിതി ചിന്തിച്ചു തുടങ്ങുന്നത്. പിറ്റേ വർഷം ജൂൺ എട്ടാം തീയതി ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിവസം ഇടവക തലത്തിൽ ദിവ്യകാരുണ്യ ഭക്തി പുനരുജീവന പദ്ധതികൾക്ക് തുടക്കമായി. 2024 ജൂലൈ മാസം ഇന്ത്യാനപൊളിസിൽ വെച്ച് നടക്കാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസോടുകൂടിയാണ് നാഷണൽ യൂക്കാരിസ്റ്റിക്ക് റിവൈവലിന് സമാപനം കുറിക്കുക.


Related Articles »