Social Media

മറിയത്തെപ്പോലെ ദൈവഹിതത്തോട് യെസ് പറയാം | തപസ്സു ചിന്തകൾ 34

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 26-03-2023 - Sunday

''വചനം മറിയത്തിന്റെ പുത്രനായി ത്തീര്‍ന്നതിന്റെയും കന്യക ദൈവത്തിന്റെ അമ്മയായിത്തീര്‍ന്നതിന്റെയും തിരുനാളാണ് മംഗളവാര്‍ത്ത തിരുനാള്‍''- വി.പോള്‍ ആറാമന്‍ പാപ്പ.

ദൈവപുത്രന്റ മനുഷ്യാവതാരത്തെക്കുറിച്ച് ഗബ്രിയേല്‍ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കുന്നതും മറിയം ദൈവഹിതത്തോടു യെസ് പറയുന്നതുമാണ് മംഗള വാര്‍ത്താ തിരുനാളിന്റെ കേന്ദ്രം. അര്‍ദ്ധരാത്രിയില്‍ മറിയം പ്രാര്‍ത്ഥനയില്‍ ഏകയായി മുഴുകിയിരിക്കുന്ന സമയത്താണ് മുഖ്യ ദൂതനായ ഗബ്രിയേല്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുന്നതും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ ദൈവമാതാവാകാന്‍ സമ്മതം ആരായുന്നതും എന്നാണ് സഭാപാരമ്പര്യം. അപ്പസ്‌തോലന്മാരില്‍ നിന്നു നേരിട്ട് ലഭിച്ച പാരമ്പര്യത്തിന്റെ വാഹകനും രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നവനുമായ വിശുദ്ധ ഇരണേവൂസ് നസറത്ത് ഏദന്റെ പ്രതിരൂപമാണന്നു നമ്മെ പഠിപ്പിക്കുന്നു.

ഏദന്‍ തോട്ടത്തില്‍ ഇരുട്ടിന്റെ മാലാഖയും ഒരു കന്യകയും തമ്മിലും നസ്രത്തില്‍ പ്രകാശത്തിന്റെ മാലാഖയും ഒരു കന്യകയും തമ്മിലും സംഭാഷണം നടത്തുന്നു. രണ്ടു സന്ദര്‍ഭങ്ങളിലും മാലാഖമാരായിരുന്നു ആദ്യം സംസാരിച്ചത്.സര്‍പ്പം ഹവ്വായോടു ചോദിച്ചു : ' തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ?' (ഉല്‍പത്തി 3:1) ഈ ചോദ്യത്തില്‍ അക്ഷമയും തിന്മ ചെയ്യാനുള്ള പ്രേരണയും കാണാന്‍ കഴിയും.

മറുവശത്ത് പ്രകാശത്തിന്റെ മാലാഖ പുതിയ ഹവ്വയായ നസറത്തിലെ കന്യകയെ സമീപിക്കുന്നത് എത്ര ശാന്തതയോടും ആദരവോടും കൂടിയാണ്: ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! (ലൂക്കാ 1 : 28 ) ഈ ഭാഷയില്‍ സ്വര്‍ഗ്ഗമാണ് സംസാരിക്കുന്നതെന്നു വ്യക്തമായിരുന്നു. ദൈവഹിതത്തോട്, 'ഇതാ, കര്‍ത്താവിന്റെ ദാസി,' എന്നു പ്രത്യുത്തിരിച്ചാണ് മറിയം ദൈവമാതാവെന്ന വിശേഷണത്തിന് അര്‍ഹയാകുന്നത്. ദൈവമാതൃത്വം കുരിശിന്‍ ചുവട്ടില്‍ പൂര്‍ണ്ണതയിലെത്തുന്നു. ദൈവഹിതത്തോട് ഇതാ കര്‍ത്താവിന്റെ ദാസന്‍/ദാസി എന്നു പറഞ്ഞാലേ ദൈവപുത്ര/പുത്രി സ്ഥാനത്തേക്കു നാം ഉയരുകയുള്ളു.

ദൈവത്തിന്റെ പുത്രനും പുത്രിയും ആകാനുള്ള സുവര്‍ണ്ണാവസരമാണ് നോമ്പുകാലം. കര്‍ത്താവിന്റെ ദാസന്മാര്‍ക്കും ദാസികള്‍ക്കും മാത്രമേ കുരിശിന്റെ വഴിയെ നടക്കാന്‍ കഴിയൂ.


Related Articles »