News

പതിനഞ്ചു ലക്ഷം ക്രൈസ്തവരുടെ ജീവനെടുത്ത അര്‍മേനിയന്‍ കൂട്ടക്കൊലക്കു 108 വര്‍ഷം

പ്രവാചകശബ്ദം 25-04-2023 - Tuesday

ഇസ്താംബൂള്‍: ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ പതിനഞ്ചുലക്ഷം ക്രൈസ്തവരുടെ ജീവനെടുത്ത അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ നടന്നിട്ട് ഇന്നലെ 108 വര്‍ഷം തികഞ്ഞു. 1915 ഏപ്രില്‍ 24-നാണ് അര്‍മേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ കൂട്ടക്കൊല ആരംഭിച്ചത്. ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. അതേസമയം തുര്‍ക്കിയിലെ കാഡിക്കോയിലെ ഓപ്പറാ ഹൗസില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാന്‍ ഇസ്താംബൂള്‍ ഗവര്‍ണറേറ്റിനോട് അനുവാദം ചോദിച്ചെങ്കിലും പ്രാദേശിക അധികാരികള്‍ അനുവാദം നല്‍കിയില്ല.

2019 വരെ ഇസ്താംബൂളിലെ ടാക്സിം സ്കൊയര്‍ പോലെയുള്ള പ്രധാന സ്ഥലങ്ങളില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാന്‍ തുര്‍ക്കി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കൊറോണ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ കാരണം ഓണ്‍ലൈന്‍ വഴിയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. ഇക്കൊല്ലം അനുസ്മരണ പരിപാടി സംഘടിപ്പിക്കുവാന്‍ അനുവാദം നല്‍കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അർമേനിയയിൽ 1915- 1923 കാലഘട്ടത്തിൽ 15 ലക്ഷം ക്രൈസ്തവരെ സൈന്യം കൊലപ്പെടുത്തിയതായാണ് ചരിത്രം.

ക്രൂരമായ കൂട്ടക്കൊലപാതകങ്ങളും സ്വത്ത് തട്ടിയെടുക്കലുകളും നാടുകടത്തലുകളും ക്രൂരമർദ്ദനങ്ങളും കൂട്ട ബലാല്‍സംഘവും ഉള്‍പ്പെടെ കിരാതമായ പല ക്രൂര കൃത്യങ്ങളും ഒരുമിച്ച് ചേരുന്നതായിരിന്നു അർമേനിയൻ വംശഹത്യ. അർമേനിയക്കാരുടെ സമ്പത്ത്, വ്യാപാരസ്ഥാപനങ്ങൾ, ഭവനങ്ങള്‍ എന്നിവ കൈയിലാക്കിയും സിറിയയിലേക്ക് നിർബന്ധിത പലായനം നടത്തിയും ഈ യാത്രാമദ്ധ്യേ പെൺകുഞ്ഞുങ്ങളെയടക്കം ബലാല്‍സംഘം ചെയ്തും ഓട്ടോമന്‍ തുര്‍ക്കികള്‍ തങ്ങളുടെ കിരാതമായ പ്രവര്‍ത്തികള്‍ തുടര്‍ന്നു. ഈ യാത്രാമദ്ധ്യേ പതിനായിരങ്ങളാണ് തളര്‍ന്നു വീണു മരിച്ചത്.

ചില രാജ്യങ്ങളും ചരിത്ര പണ്ഡിതന്മാരും ഇതിനെ വംശഹത്യയെന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും തുർക്കിയെ പിണക്കാതിരിക്കാൻ ലോകരാജ്യങ്ങൾ പരസ്യമായി ഇക്കാര്യം പ്രഖ്യാപിക്കാൻ മടിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് അർമേനിയൻ വംശഹത്യ എന്ന പരാമർശം ആദ്യമായി നടത്തിയ പാപ്പ. 2001ൽ ജോൺ പോൾ രണ്ടാമൻ പാപ്പയും അർമേനിയൻ അപ്പസ്‌തോലിക സഭയുടെ പരമാധ്യക്ഷൻ കെരെകിൻ രണ്ടാമൻ പാത്രിയർക്കീസ് ബാവയും നടത്തിയ സംയുക്ത പ്രഖ്യാപനത്തിൽ ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായിരുന്നു. 2013ൽ അർമേനിയൻ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് പാപ്പ ഇതേ പരാമർശം നടത്തിയിരുന്നു. 2016 ജൂണ്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍മേനിയ സന്ദര്‍ശിച്ചപ്പോഴും കൂട്ടക്കൊലയെ 'വംശഹത്യ' എന്ന വിശേഷണം നല്‍കിയത് ആഗോളതലത്തില്‍ ചര്‍ച്ചയായി മാറിയിരിന്നു.


Related Articles »