Life In Christ - 2024

വിശുദ്ധ മര്‍ക്കോസിന്റെ തിരുനാള്‍ ദിനത്തില്‍ ചൈനയില്‍ 6 പേരുടെ തിരുപ്പട്ട സ്വീകരണം

പ്രവാചകശബ്ദം 29-04-2023 - Saturday

ബെയ്ജിംഗ്: സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിന്റെ തിരുനാള്‍ ദിനമായ ഏപ്രില്‍ 25-ന് ചൈനയിലെ ബെയ്ജിംഗ്, വാന്‍ഷൌ, സന്യുവാന്‍, ജിലിന്‍ രൂപതകളില്‍ നിന്നായി ആറോളം പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി. ബെയ്ജിംഗില്‍ ബിഷപ്പ് ജോസഫ് ലി ഷാനിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍വെച്ചാണ് ഫാ. ജോസഫ് ഗുവോ ചെന്‍ എന്ന ഡീക്കന്‍ തിരുപ്പട്ടം സ്വീകരിച്ചത്. ഏതാണ്ട് എഴുപതോളം വൈദികര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിത്യ പുരോഹിതനായ ക്രിസ്തുവിന്റെ മാതൃക പിന്തുടരുവാനും, ആത്മാക്കളുടെ മോക്ഷത്തിനായി സ്നേഹത്തോടും, ആനന്ദത്തോടും കൂടി വിശ്വാസികളെ സേവിക്കുവാനും മെത്രാന്‍ നവ വൈദികരോട് ആഹ്വാനം ചെയ്തു.

തന്നാല്‍ കഴിയും വിധം സാധ്യമായ രീതിയിലെല്ലാം താന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നു ഫാ. ജോസഫ് ഗുവോ പറഞ്ഞു. തന്നെ പൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിക്കുമെന്നും, തന്നില്‍ കര്‍ത്താവ് തുടങ്ങിവെച്ച നല്ല കാര്യങ്ങള്‍ തുടരുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാന്‍ഷിയാന്‍ രൂപതാ കത്തീഡ്രലില്‍വെച്ച് ഫാ. പീറ്റര്‍ ഫെങ് ലോങ്ങാങ്ങിന്റെ തിരുപ്പട്ട സ്വീകരണ ചടങ്ങുകള്‍ക്ക് ബിഷപ്പ് പോള്‍ ഹി സെക്വിങ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സാന്യുവാന്‍ രൂപതയിലും ഒരു വൈദികനും, ഡീക്കനും പട്ടം സ്വീകരിച്ചു. ബിഷപ്പ് ജോസഫ് ഹാന്‍ യിങ്ജിനാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

അന്‍പതിലധികം വൈദികരും നൂറുകണക്കിന് വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. ദൈവം തങ്ങളെ വിളിച്ചിരിക്കുന്ന പാതയില്‍ മുന്നേറുവാന്‍ തങ്ങളെ സഹായിക്കണമെന്ന്‍ നവ വൈദികനും, ഡീക്കനും ചടങ്ങില്‍ പങ്കെടുത്തവരോട് അഭ്യര്‍ത്ഥിച്ചു, ലിയാവോണിംഗ് രൂപതയിലെ ജിലിന്‍ ഇടവകയില്‍വെച്ച് 3 പേരും, ടാങ്ങ്ഷാന്‍ ഇടവകയില്‍വെച്ച് ഒരാളും തിരുപ്പട്ട സ്വീകരണം നടത്തുകയുണ്ടായി. കടുത്ത മതപീഡനത്തിനിടയിലും ചൈനീസ് ക്രിസ്ത്യാനികളുടെ വിശ്വാസ തീക്ഷ്ണതയില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നതിന്റെ ഉദാഹരണമായാണ് ഈ തിരുപ്പട്ട സ്വീകരണങ്ങളെ വിശ്വാസി സമൂഹം നോക്കികാണുന്നത്.


Related Articles »