News
ലുലിയാംഗ് ചൈനയിലെ പുതിയ രൂപത; അന്തോണിയോ ജി വൈസോംഗ് പ്രഥമ അധ്യക്ഷന്‍
പ്രവാചകശബ്ദം 21-01-2025 - Tuesday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടിയ്ക്കനുസൃതം നിയമനം അംഗീകരിക്കപ്പെട്ടതിനെ തുടർന്നു രാജ്യത്തു പുതിയതായി സ്ഥാപിച്ച രൂപതയുടെ പ്രഥമ അധ്യക്ഷനായി അന്തോണിയോ ജി വൈസോംഗ് അഭിഷിക്തനായി. ഇന്നലെ ജനുവരി 20-നാണ് ഫാ. അന്തോണിയോ ജി വൈസോംഗ് മെത്രാനായി അഭിഷിക്തനായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 28ന് ഫ്രാൻസിസ് പാപ്പ ചൈനയിൽ ഫെന്യാങ് രൂപത റദ്ദാക്കിക്കൊണ്ട് അന്നു തന്നെ സ്ഥാപിച്ച ലുലിയാംഗ് രൂപതയുടെ പ്രഥമ ഭരണസാരഥിയാണ് ബിഷപ്പ് അന്തോണിയോ ജി വൈസോംഗ്. അദ്ദേഹം അദ്ധ്യക്ഷനായ ലുലിയാംഗ് രൂപതാതിർത്തിക്കുള്ളില്‍ ഇരുപതിനായിരം വിശ്വാസികളാണുള്ളത്. അന്‍പതിൽപ്പരം വൈദികരും ഇരുപത്തിയഞ്ചിലേറെ സന്ന്യാസിനികളും രൂപതയില്‍ നിലവില്‍ സേവനം ചെയ്യുന്നു.
ഷാൻസി സ്വദേശിയായ പുതിയ ബിഷപ്പ് ബെയ്ജിംഗ് സെമിനാരിയിലായിരിന്നു വൈദിക പഠനം നടത്തിയത്. പിന്നീട് സിയാൻ സർവ്വകലാശാലയിൽ നിന്നു പഠനത്തിനുശേഷം ജർമ്മനിയിലെ ബോണിലുള്ള സെന്‍റ് അഗസ്റ്റിൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ലൈസൻസ് നേടി. 2001 ഒക്ടോബർ 14നാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് വികാരി, അജപാലന നേതാവ്, വികാരി ജനറൽ എന്നീ നിലകളിൽ ചൈനയിലെ വിവിധയിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. പുതിയ രൂപതയുടെ കത്തീഡ്രൽ ഫെന്യാങ് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ചൈനയിൽ കത്തോലിക്ക സഭയ്ക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമില്ല. പരിശുദ്ധ സിംഹാസനവും ചൈനയുടെ സർക്കാരും തമ്മിലുള്ള പ്രത്യേക ഉടമ്പടിയുടെ വെളിച്ചത്തിൽ സർക്കാർ നിയന്ത്രണത്തിൽ പരിമിതികളോടെയാണ് അന്നാട്ടിൽ സഭാജീവിതം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സഭയിലെയും സര്‍ക്കാരിനെ ഭയപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സഭയിലെയും വിശ്വാസികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഴു വര്‍ഷം മുന്‍പ് ഈ കരാറിനു വത്തിക്കാന്‍ തയാറായത്. വത്തിക്കാന്‍ ചൈന കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം നിയമിക്കപ്പെടുന്ന പന്ത്രണ്ടാമത്തെ ബിഷപ്പാണ് അന്തോണിയോ ജി വൈസോംഗ്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟