Youth Zone - 2025

പൈശാചികതയെ പ്രതിരോധിക്കാൻ ദിവ്യകാരുണ്യത്തില്‍ ആശ്രയിക്കണം: ആഹ്വാനവുമായി ഭൂതോച്ചാടകന്‍

പ്രവാചകശബ്ദം 02-05-2023 - Tuesday

മെക്സിക്കോ സിറ്റി: അമേരിക്കൻ നഗരമായ ബോസ്റ്റണിൽ സാത്താനിക് ടെംപിളിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് നടന്ന പശ്ചാത്തലത്തില്‍ പൈശാചിക ചടങ്ങുകളെ പ്രതിരോധിക്കാൻ ദിവ്യകാരുണ്യവുമായി അനുരൂപപ്പെട്ട് ജീവിക്കാൻ മെക്സിക്കോയിലെ ഭൂതോച്ചാടകനായ ഫാ. ആന്ധ്രേസ് എസ്തബാന്‍റെ ആഹ്വാനം. ഈ പാപങ്ങൾ ഈശോയുടെ ഹൃദയത്തെ വേദനിപ്പിക്കുന്നുണ്ടെന്നും, ഒരുപാട് പൈശാചികതക്ക് കാരണമാകുന്നുണ്ടെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള സാത്താനിക പരിപാടികൾ ബോസ്റ്റണിൽ മാത്രമല്ല വിവിധ നഗരങ്ങളിലും നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൈശാചികതയ്ക്കെതിരെ ആത്മാവിന്റെ കുറവുകൾ ഇടതടവില്ലാതെ പരിഹരിച്ചു കൊണ്ടിരിക്കണമെന്നാണ് ഇതിന്റെ പേരിൽ ആശങ്ക പങ്കുവയ്ക്കുന്ന കത്തോലിക്ക വിശ്വാസികളോട് ഫാ. ആന്ധ്രേസിന് പറയാനുള്ളത്. ആത്മാവിന്റെ കുറവുകൾ പരിഹരിക്കുകയെന്നത് ഏതാനും പ്രാർത്ഥനകൾ നിരവധി മണിക്കൂറുകൾ ചൊല്ലിയതു കൊണ്ട് സാധ്യമാകില്ല. മറിച്ച് നമ്മുടെ ജീവിതം നാം ദൈവത്തിന് നൽകണം. ആത്മാക്കളെ തട്ടിയെടുക്കാനുള്ള ശ്രമത്തിലായതിനാൽ സാത്താന് വിശ്രമം ഇല്ലായെന്നുള്ളത് സത്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അതിനാൽ നമ്മളും വിശ്രമിക്കുന്നില്ല. പ്രാർത്ഥനയിലൂടെ നമ്മെ പൂർണമായി ദൈവത്തിന് നൽകാം. വിശുദ്ധ കുർബാനയാണ് ഏറ്റവും വലിയ പാപപരിഹാരമാർഗ്ഗമെന്നും ഫാ. ആന്ധ്രേസ് ഓർമിപ്പിച്ചു. സക്രാരിയിലെ യേശുവിനെ കാണാനും, ദിവ്യകാരുണ്യ മണിക്കൂർ ആചരിക്കാനും, ജപമാല ചൊല്ലാനും ഫാ. ആന്ധ്രേസ് വിശ്വാസി സമൂഹത്തിന് നിർദ്ദേശം നൽകി. നേരത്തെ സാത്താനിക പരിപാടിയെ പ്രതിരോധിക്കാനായി പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ബോസ്റ്റണ്‍ അതിരൂപത നേരത്തെ രംഗത്ത് വന്നിരുന്നു. സാത്താന്‍കോണ്‍, ഹോട്ടലിൽ നടക്കുന്ന സമയത്ത് നൂറുകണക്കിന് കത്തോലിക്കാ വിശ്വാസികളാണ് പ്രാർത്ഥന കൊണ്ട് പ്രതിരോധ കോട്ട ഉയർത്താനായി ഇവിടെ ഒരുമിച്ച് കൂടിയത്.


Related Articles »