News - 2025
'സാന്ത മുർത്തെ' പൈശാചികം, സൂക്ഷിക്കണം; മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകൻ
പ്രവാചകശബ്ദം 03-01-2024 - Wednesday
മെക്സിക്കോ സിറ്റി: മെക്സിക്കോ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ള സാന്ത മുർത്തെ അഥവാ സെയിന്റ് ഡെത്ത് എന്ന കൾട്ട് സാത്താനികമാണെന്ന മുന്നറിയിപ്പുമായി മെക്സിക്കൻ അതിരൂപതയുടെ കോളേജ് ഓഫ് എക്സോർസിസ്റ്റ്സ് അംഗമായ ഫാ. ആന്ദ്രേസ് ലോപ്പസ്. അതിനെ പിന്തുടരുന്നവർ സാത്താനെയാണ് ആരാധിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, അത് സാത്താന് സ്വയം സമർപ്പിക്കുന്നതിനും സാത്താന്റെ പ്രവർത്തനം ജീവിതത്തിൽ കൊണ്ടുവരുന്നതിനും ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടി.
മരണത്തിന്റെ ഒരു പ്രതീകം, സംരക്ഷണം, മരണാനന്തര ജീവിതത്തിലേക്ക് സുരക്ഷിതമായ മാർഗ്ഗം എന്നീ വിശേഷണങ്ങളുമായി ബന്ധപ്പെട്ടു സ്ത്രീ രൂപത്തിലുള്ള മനുഷ്യ അസ്ഥികൂടമാണ് സാന്ത മുർത്തെ. ഇതിനെ കത്തോലിക്ക സഭയും ഇവാഞ്ചലിക്കൽ നേതൃത്വവും നേരത്തെ തന്നെ അപലപിച്ചിട്ടുണ്ട്. സാന്ത മുർത്തെയുടെ വ്യാപനം സാത്താന്റെ അസാധാരണ പ്രവർത്തനം വർദ്ധിക്കുന്നതിന് വലിയ കാരണമായിട്ടുണ്ടെന്ന് ഫാ. ആന്ദ്രേസ് ലോപ്പസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ വൈദികർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1965ലാണ് ഈ കൾട്ട് കൂടുതൽ പ്രചാരം നേടിയതെന്ന് ഫാ. ലോപ്പസ് പറയുന്നു.
ആ വർഷം നിയമവിരുദ്ധമായ കാര്യങ്ങളും മയക്കുമരുന്ന് കച്ചവടവും സുലഭമായിരുന്ന മെക്സിക്കോ സിറ്റിയിലെ ടേപിറ്റോ മാർക്കറ്റ് ആണ് പ്രചാരണത്തിന് ആക്കം കൂട്ടിയത്. മന്ത്രവാദം അടക്കമുള്ളവ പ്രചാരത്തിൽ ഇരുന്ന വെരാക്രൂസ് സംസ്ഥാനത്തെ കാറ്റമാക്കോ പട്ടണത്തിലും ഇതിന് പ്രചാരം ലഭിച്ചു. സാന്ത മുർത്തെ കൾട്ടിലെ പ്രവർത്തനങ്ങൾ വിശ്വാസവിരുദ്ധവും, രാജ്യവിരുദ്ധവും ആണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇതിൻറെ ശാപം പിന്നീട് നമ്മെ പിന്തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെക്സിക്കോയിൽ സാത്താൻ സേവകർക്ക് പുറമേ, സ്വവർഗ്ഗാനുരാഗികളും മയക്കുമരുന്ന് വ്യാപനം നടത്തുന്നവരും സാന്ത മുർത്തെയെ വണക്കം നടത്തുന്നുണ്ട്.