News

2025 ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് 3.5 കോടി തീര്‍ത്ഥാടകര്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രവാചകശബ്ദം 19-05-2023 - Friday

വത്തിക്കാന്‍ സിറ്റി; 2000-ലെ മഹാ ജൂബിലിക്ക് കാല്‍ നൂറ്റാണ്ടിന് ശേഷം വരുന്ന 2025-ലെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് 35 മില്യണ്‍ (3.5 കോടി) തീര്‍ത്ഥാടകര്‍ നിത്യതയുടെ നഗരമായ റോമില്‍ എത്തുമെന്ന് സൂചന. ഇവരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ റോമില്‍ പുരോഗമിക്കുകയാണ്. ജൂബിലി വര്‍ഷം അതിശയകരവും, അതുല്യവും, ആത്മീയ അനുഭവവുമാക്കുന്ന ഫലവത്തായ വന്‍ തീര്‍ത്ഥാടനമായിരിക്കുമെന്നു ‘എ ഹോളി ഇയര്‍ ഇന്‍ റോം: ദി കംപ്ലീറ്റ്‌ പില്‍ഗ്രിംസ് ഗൈഡ് ഫോര്‍ ദി ജൂബിലി ഓഫ് മേഴ്സി’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ജോവാന്‍ ലൂയീസ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. 2025-ലെ ജൂബിലി വര്‍ഷത്തിന്റെ പ്രമേയം 2022 ജനുവരിയില്‍ തന്നെ പുറത്തുവിട്ടിരുന്നു.

ജൂബിലി വര്‍ഷത്തിലെ എണ്‍പത്തിയേഴോളം വിവിധ പൊതു പദ്ധതികള്‍ക്കായി ഏതാണ്ട് 250 കോടി ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. പൊതു ഗതാഗതം, ശുചി മുറികള്‍, റോഡുകളുടെ അറ്റകുറ്റപ്പണികള്‍, ഭൂഗര്‍ഭ പാര്‍ക്കിംഗ്, കാല്‍നടക്കാര്‍ക്കുള്ള ഭൂഗര്‍ഭ പാതകള്‍, സെന്‍ട്രല്‍ ടെര്‍മിനിനല്‍ ട്രെയിന്‍ സ്റ്റേഷന്റെ ശുചീകരണം അടക്കമുള്ള വിവിധ പദ്ധതികള്‍ക്കാണ് ഈ തുക വിനിയോഗിക്കുക. 2016-ലെ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഏതാണ്ട് 2.04 കോടി ആളുകള്‍ റോമില്‍ എത്തിയെന്നാണ് വത്തിക്കാന്‍റെ കണക്ക്. അടുത്ത വര്‍ഷം ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതില്‍ തുറക്കുന്ന തിയതി ഉള്‍പ്പെടെയുള്ള ജൂബിലിയുടെ ഔദ്യോഗിക ഉത്തരവ് (ബുള്‍) വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് സൂചന.

ജൂബിലിക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍ സെപ്റ്റംബറില്‍ ആരഭിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് വത്തിക്കാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഡിജിറ്റല്‍ പില്‍ഗ്രിം കാര്‍ഡ് തീര്‍ത്ഥാടകര്‍ക്ക് സഹായകരമാവും. കത്തോലിക്ക സഭയില്‍ അനുഗ്രഹത്തിന്റെയും, തീര്‍ത്ഥാടനത്തിന്റെയും പ്രത്യേകമായ വിശുദ്ധ വര്‍ഷമാണ്‌ ജൂബിലി വര്‍ഷമായി കണക്കാക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതും സവിശേഷമായ വസ്തുതയാണ്. 2013-ലെ വിശ്വാസ വര്‍ഷം, 2016-ലെ കരുണയുടെ വര്‍ഷം അടക്കമുള്ള അസാധാരണ ജൂബിലി വര്‍ഷങ്ങളും പാപ്പയുടെ ആഹ്വാനപ്രകാരം ആഘോഷിക്കാറുണ്ട്.

വിശുദ്ധ വാതിലുകളാണ് ജൂബിലി വര്‍ഷത്തിന്റെ കാതലായ ഭാഗം. റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിലെയും മറ്റ് പ്രധാന ബസലിക്കകളിലെയും വാതിലുകളാണിവ. അടച്ചിട്ടിരിക്കുന്ന ഈ വാതില്‍ തുറക്കുന്നതോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. ജൂബിലിയോടനുബന്ധിച്ച് വിശ്വാസി സമൂഹത്തിന് മോക്ഷത്തിലേക്കുള്ള ഒരു അസാധാരണ വാതില്‍ തുറക്കുന്നതിന്റെ പ്രതീകമാണ് ഈ ചടങ്ങ്. ഈ വാതിലിലൂടെ പ്രവേശിച്ച് തിരുസഭ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചാല്‍ സമ്പൂര്‍ണ്ണ ദണ്ഡമോചനത്തിനും അവസരമുണ്ട്. 1300-ല്‍ ബോനിഫസ് എട്ടാമന്‍ പാപ്പയാണ് തിരുസഭയില്‍ ആദ്യമായി ജൂബിലി ആഘോഷം സംബന്ധിക്കുന്ന പതിവ് ആരംഭിക്കുന്നത്.

Tag: Rome prepares for 35 million pilgrims during 2025 Jubilee Year, AD 2025, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »