India - 2024

അന്ന് ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയുടെ വാക്കുകള്‍ വിവാദമാക്കി, ഇന്ന് അതേ ആവശ്യമുന്നയിച്ച് ഇടത് കര്‍ഷക സംഘടനയുടെ ലോംഗ് മാർച്ച്

പ്രവാചകശബ്ദം 25-05-2023 - Thursday

കണ്ണൂര്‍: റബര്‍ വില 300 രൂപയാക്കണമെന്നും കർഷകരെ സഹായിക്കുന്നവരുടെ പക്ഷത്തു നിൽക്കുമെന്നും പറഞ്ഞ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ വിവാദമാക്കിയ സിപിഎം ഇന്ന് സമാന ആവശ്യവുമായി രംഗത്ത്. വിവാദങ്ങൾ കുത്തിപ്പൊക്കിയത് കെട്ടടങ്ങിതുടങ്ങിയതോടെ ആർച്ച്ബിഷപ്പിന്റെ ആവശ്യത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ ഇടതുമുന്നണി കാർഷികമേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കണ്ണൂർ ജില്ലയിൽ മലയോര ജാഥകൾ സംഘടിപ്പിച്ചിരുന്നുവെന്നു 'ദീപിക' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ജാഥയിലും റബർ വില തന്നെയായിരുന്നു പ്രധാന വിഷയം. ഇതിനു പിന്നാലെയാണ് റബറിന് 300 രൂപ താങ്ങുവിലയാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ പോഷകസംഘടനയായ കേരള കർഷക സംഘം രാജ്ഭവനിലേക്ക് ലോംഗ് മാർച്ച് നടത്തുന്നത്. വിവിധ ജില്ലകളില്‍ ഇതിനോടകം തന്നെ ലോംഗ് മാർച്ച് നടത്തിയിട്ടുണ്ടെന്ന് 'കേരള കൌമുദി'യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നും നാളെയുമാണ് രാജ്ഭവനിലേക്ക് 1000 കൃഷിക്കാരുടെ ലോംഗ് മാർച്ച്.

നേരത്തെ കണ്ണൂർ ജില്ലയിലെ ആലക്കോട് നടന്ന എകെസിസിയുടെ കർഷകസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ കേന്ദ്രസർക്കാർ സഹായിച്ചാലും സംസ്ഥാന സർക്കാർ സഹായിച്ചാലും കർഷകരുടെ നിലപാട് ഇരുവരോടും ഒരുപോലെയായിരിക്കുമെന്നും വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞിരുന്നു. എന്നാൽ, ആർച്ച്ബിഷപ്പിന്റെ പ്രസ്താവന ബിജെപിയെ അനുകൂലിച്ചാണെന്നു പറഞ്ഞാണ് സിപിഎം നേതാക്കൾ രംഗത്തുവന്നത്.

ഇതിനു പിന്നാലെ ആര്‍ച്ച് ബിഷപ്പിന് നേരെ ഇടതു സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് സൈബര്‍ ആക്രമണവും അന്നു ഉണ്ടായി. റബറിന്റെ വില മാത്രമാണോ കർഷകർ നേരിടുന്ന പ്രശ്നമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അന്നു ചോദിച്ചത്. പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണം അണികളിലും എതിര്‍പ്പ് സൃഷ്ട്ടിച്ചിരിന്നു.


Related Articles »