News

ഡല്‍ഹി അതിരൂപതയുടെ ക്രൈസ്തവ ദേവാലയങ്ങളിൽ ഹിന്ദുത്വവാദികളുടെ ഭീഷണി; വൈദികന് മര്‍ദ്ദനം

പ്രവാചകശബ്ദം 06-06-2023 - Tuesday

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയും, ഹരിയാനയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഡല്‍ഹി അതിരൂപതയിലെ രണ്ടു ദേവാലയങ്ങള്‍ അടച്ചുപൂട്ടുമെന്ന് തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. ഗുരുഗ്രാം (ഗുഡ്ഗാവ്) ജില്ലയിലെ ഖേര്‍ക്കി ദൗലയിലെ സെന്റ്‌ ജോസഫ് വാസ് കത്തോലിക്ക മിഷന്‍ ദേവാലയത്തില്‍ ജൂണ്‍ 4-നാണ് അക്രമം ഉണ്ടായതെന്നു അതിരൂപത പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശശി ധരന്‍ ‘മാറ്റേഴ്സ് ഇന്ത്യ’യോട് പറഞ്ഞു. രാവിലെ 10 മണിക്ക് ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാന കഴിഞ്ഞ ഉടന്‍തന്നെ കാവി ഷാളുകള്‍ ധരിച്ച ഇരുപത്തിയഞ്ചോളം ആളുകള്‍ അടങ്ങുന്ന സംഘം ബൈക്കുകളിലും, കാറുകളിലുമായി ദേവാലയത്തില്‍ എത്തുകയായിരിന്നു. ത്രിശൂലങ്ങളും വാളുകളുമായി സംഘം, വൈദികനെയും അദ്ദേഹത്തോട് സംസാരിച്ചു കൊണ്ടിരുന്ന രണ്ട് വിശ്വാസികളെയും ഭീഷണിപ്പെടുത്തി.

രണ്ടാഴ്ചക്കുള്ളില്‍ ദേവാലയം അടച്ചുപൂട്ടണമെന്നാണ് തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. ഹിന്ദു സേനയില്‍ നിന്നുള്ളവരാണെന്നു പറഞ്ഞ ഹിന്ദുത്വവാദികള്‍ ഈ ഗ്രാമത്തില്‍ തങ്ങള്‍ ക്രൈസ്തവ ദേവാലയം അനുവദിക്കില്ലെന്നു വികാരിയായ ഫാ. അമല്‍രാജിനോട് പറഞ്ഞു. സംഘത്തില്‍പെട്ട ഒരാള്‍ വൈദികനെ മര്‍ദ്ദിച്ചു. ചെകിട്ടത്ത് ലഭിച്ച മർദ്ദനത്തെ തുടർന്ന് കേള്‍വിക്കുറവ് അനുഭവപ്പെട്ട ഫാ. അമല്‍രാജ് പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്. വിവരങ്ങള്‍ അതിരൂപത കാര്യാലയത്തില്‍ അറിയിച്ചതിനെത്തുടര്‍ന്ന്‍ വികാര്‍ ജനറാള്‍ ഫാ. വിന്‍സെന്റ് ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം ഖേര്‍കി ദൌല ഗ്രാമം സന്ദര്‍ശിച്ചു.

സംഘം ദേവാലയത്തില്‍ എത്തിയപ്പോള്‍ 3 പേര്‍ വീണ്ടും അവിടെ എത്തുകയും ജില്ലാ അധികാരികളില്‍ നിന്നും ദേവാലയം തുറക്കുന്നതിനെ സംബന്ധിച്ചു ചോദ്യങ്ങള്‍ ഉയര്‍ത്തി. പിന്നീട് അന്‍പതിനടുത്ത് ആളുകള്‍ ഉള്‍പ്പെടുന്ന ഒരു സംഘം വീണ്ടും ദേവാലയത്തിലെത്തി. അപകടം സൂചന ലഭിച്ചതിനെ തുടര്‍ന്നു അന്വോഷണ ഉദ്യോഗസ്ഥന്‍ ദേവാലയത്തില്‍ ഉള്ളവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും മാറ്റേഴ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാവസായിക കേന്ദ്രമായ മാനേസറിനടുത്ത് വാടകക്കെടുത്ത സ്ഥലത്ത് 2021-ലാണ് ടിന്‍ ഷീറ്റ് ഉപയോഗിച്ച് ഈ ദേവാലയം നിര്‍മ്മിച്ചത്. ഹിന്ദി സംസാരിക്കുന്ന 40 കുടുംബങ്ങളും, ഇംഗ്ലീഷ് സംസാരിക്കുന്ന 25 കുടുംബങ്ങളുമാണ് ഇടവകയില്‍ ഉള്ളത്. സ്ഥലത്തിന്റെ ഉടമയെ ഹിന്ദുത്വവാദികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‍ സ്ഥലം ഒഴിഞ്ഞുപോകണമെന്ന്‍ സ്ഥല ഉടമ അതിരൂപതയോട് ആവശ്യപ്പെട്ടിരിന്നു.

മറ്റൊരു സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്നും 55 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഫാറൂഖ് നഗറിലെ ദേവാലയം അടച്ചുപൂട്ടണമെന്ന് ഗ്രാമമുഖ്യന്‍മാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‍ പോലീസ് ഇക്കഴിഞ്ഞ ജൂണ്‍ 1-ന് അതിരൂപതാ സംഘത്തെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. 2020-ലാണ് ഏഴോളം കത്തോലിക്കാ കുടുംബങ്ങള്‍ക്കായി ഇവിടെ ചെറുദേവാലയം നിര്‍മ്മിച്ചത്. അഞ്ച് ഗ്രാമങ്ങളിലെ മുഖ്യന്‍മാര്‍ ക്രിസ്ത്യന്‍ ദേവാലയത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരിന്നു. ഈ സമയത്ത് ബജ്രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, ഗോ രക്ഷക് തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം ഹിന്ദുത്വവാദികള്‍ സ്റ്റേഷനില്‍ തടിച്ചു കൂടിയിരുന്നുവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‍ ദേവാലയം നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ചരേഖകള്‍ അതിരൂപതാ സംഘം പോലീസിനു കൈമാറിയിട്ടുണ്ട്. എങ്കിലും അവിടെ ദേവാലയം അനുവദിക്കില്ല എന്ന നിലപാടിലാണ് തീവ്ര ഹിന്ദുത്വവാദികള്‍.


Related Articles »