News - 2025
1300 കത്തോലിക്കര്‍ മാത്രമുള്ള മംഗോളിയയിലേക്ക് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 06-06-2023 - Tuesday
വത്തിക്കാൻ സിറ്റി: ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ മംഗോളിയയില്‍ സന്ദര്‍ശനം നടത്തുവാന്‍ ഫ്രാന്‍സിസ് പാപ്പ. 1300 കത്തോലിക്കർ മാത്രമുള്ള രാജ്യത്തു ആഗസ്റ്റ് 31 മുതൽ സെപ്തംബർ 3 വരെയുള്ള തീയതികളിലാണ് സന്ദര്‍ശനം നടത്തുക. രാജ്യത്തിന്റെ പ്രസിഡന്റിന്റെയും കത്തോലിക്ക നേതാക്കളുടെയും ക്ഷണപ്രകാരമാണ് യാത്രയെന്ന് വത്തിക്കാൻ അറിയിച്ചു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.
രാജ്യത്തിന്റെ തലസ്ഥാനമായ ഉലാൻബാതറിലെ അപ്പസ്‌തോലിക് പ്രിഫെക്ടിന് കീഴിലാണ് മംഗോളിയൻ കത്തോലിക്കർ. കഴിഞ്ഞ ഓഗസ്റ്റിൽ, ഇറ്റലിക്കാരനായ ആർച്ച് ബിഷപ്പ് ജോർജിയോ മാരെങ്കോയെ രാജ്യത്തെ കത്തോലിക്ക സഭയുടെ അഡ്മിനിസ്ട്രേറ്ററായി പാപ്പ നിയമിച്ചിരിന്നു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍ കൂടിയാണ് അദ്ദേഹം. 2016-ൽ ആണ് മംഗോളിയയിലെ ആദ്യത്തെ തദ്ദേശീയ വൈദികന്‍ അഭിഷിക്തനായത്. അതേസമയം സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയുമായി 2880 മൈൽ അതിർത്തി പങ്കിടുന്ന മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പ എന്ന പേര് ഫ്രാന്‍സിസ് പാപ്പക്ക് സ്വന്തമാകും.
കഴിഞ്ഞ ഫെബ്രുവരിയിൽ ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം പേപ്പല്‍ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് മംഗോളിയയിലേക്ക് പോകാനുള്ള സാധ്യതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പ ആദ്യം പറഞ്ഞത്. 3.3 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 1300 പേര്‍ മാത്രമാണ് കത്തോലിക്കർ. ജനസംഖ്യയുടെ 87.1%വും ബുദ്ധമത വിശ്വാസികളാണ്. 2017ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 33 വൈദികരും 44 കന്യാസ്ത്രീകളുമുണ്ട്. ആറ് കത്തോലിക്ക ദേവാലയങ്ങളില്‍ മൂന്നെണ്ണം തലസ്ഥാന നഗരത്തിലാണ്.