India - 2025
ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ കബറിടം സന്ദര്‍ശിച്ച് പശ്ചിമ ബംഗാൾ ഗവർണർ
പ്രവാചകശബ്ദം 12-06-2023 - Monday
തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവര്‍ക്കായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ (സിഐഎം ആർ) സ്ഥാപക ഡയറക്ടറായിരുന്ന ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ മറ്റുള്ളവർക്കു മാതൃകയാകണമെന്നു പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്. സിഐഎംആർ സന്ദർശിക്കുന്നതിനും അന്തരിച്ച ഫാ.തോമസ് ഫെലിക്സിനു ആദരാഞ്ജലി അർപ്പിക്കുന്നതിനുമായാണ് ഡോ. ആനന്ദബോസ് എത്തിയത്. തിരുവനന്തപുരത്ത് എത്തുമ്പോൾ സിഐഎംആർ സന്ദർശിക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഗവർണർ പറഞ്ഞു.
സിഐഎംആറിലെ ഭിന്നശേഷിക്കാരായ 120 സഹോദരങ്ങളുടെ പേരിൽ ജൻ ധൻ അക്കൗണ്ട് തുടങ്ങി നിശ്ചിത തുക ഓരോ അക്കൗണ്ടിലും നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ഫാ. ഫെലിക്സിന്റെ പേരിൽ അവാർഡ് നൽകുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ ഇതിനായി നൽകും. ഇതിനു പുറമേ സിഐഎംആറിലേക്ക് ആവശ്യമായ ഫർണിച്ചറുകളും എത്തിക്കുന്നതിനു നിർദേശം നൽകി.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാ.തോമസ് ഫെലിക്സ് സിഎംഐ. ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒട്ടും കുറവുള്ളവരല്ല എന്ന സന്ദേശം ഉയർത്തിപ്പിടി ച്ചായിരുന്നു ഫാ.തോമസ് ഫെലിക്സിന്റെ പ്രവർത്തനങ്ങൾ. സാധാരണ രീതിയിലുള്ള പഠനം ഭിന്നശേഷിക്കാരായ കുട്ടികൾക്കു പ്രാപ്യമായിരുന്നില്ല. അതിനാൽ ഫാ. ഫെലിക്സ് ഇവർക്കായി 1980ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ(സിഐഎംആർ) എന്ന സ്ഥാപനം ആരംഭിക്കുകയും പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിക്കുകയുമായിരിന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.