India - 2025
'ഷോ' ആണെന്ന മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരം: ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
പ്രവാചകശബ്ദം 14-07-2023 - Friday
കൊച്ചി: മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളു ടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമാകുന്ന അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. അതെല്ലാം 'ഷോ' ആണെന്ന മന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ നല്കിയ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചില്ല. ലത്തീൻ കത്തോലിക്കാ സഭാ നേതൃത്വത്തെ നിരന്തരം കുറ്റപ്പെടുത്താനും ജനങ്ങൾക്കുവേണ്ടി പ്രതികരിക്കുന്നവരെ അന്യായമായ വിധം കേസുകളെടുത്ത് ഭയപ്പെടുത്താനും നിശബ്ദരാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
കെഎൽസിഎയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിഷേധ വാരാചരണം 16ന് സമാപിക്കും. രൂപതകളിലും ഇടവകകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഞായറാഴ്ച എല്ലാ സംഘടനകളും സംയുക്ത പ്രതികരണ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും ബിഷപ്പ് പറഞ്ഞു.