India - 2024

ഉമ്മൻ ചാണ്ടി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസം കാത്തുസൂക്ഷിച്ച വ്യക്തി: കർദ്ദിനാൾ ആലഞ്ചേരി

പ്രവാചകശബ്ദം 18-07-2023 - Tuesday

കൊച്ചി: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻ പരിശ്രമിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി സാർ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

രാഷ്ട്രീയപ്രവര്‍ത്തകരുടെയിടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലർത്തിയിരുന്നില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻ അദ്ദേഹം പരിശ്രമിച്ചു. അപരിഹാര്യമായ പ്രശ്നങ്ങളിൽ ദൈവഹിതത്തിനു അവയെ വിട്ടുകൊടുത്തുകൊണ്ടു സമചിത്തതയോടെ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്തുവലയവും ഉമ്മൻ ചാണ്ടിയെ തങ്ങളുടെ സ്മരണയിൽ എന്നും നിലനിർത്തുമെന്നതിൽ സംശയമില്ല. ഉമ്മൻ ചാണ്ടിസാറിന്റെ പാവനസ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലികൾ അര്‍പ്പിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.


Related Articles »