News - 2024

ക്രിസ്ത്യന്‍ വനിതകള്‍ നേരിട്ട അതിക്രമം; നിഷ്ഠൂരമായ പ്രവർത്തിയെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ലായെന്ന് ഡല്‍ഹി മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 22-07-2023 - Saturday

ന്യൂഡല്‍ഹി: മണിപ്പൂരിൽ നിന്നുള്ള തദ്ദേശീയരായ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ലൈംഗീകാതിക്രമത്തില്‍ പ്രതികരിക്കാന്‍ വാക്കുകൾ ഇല്ലായെന്ന് ഡൽഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് അനിൽ തോമസ് ജോസഫ് കുട്ടോ. സംഭവം നടക്കുമ്പോൾ സംസ്ഥാന പോലിസ് അവിടെയുണ്ടായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. ഇത് ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയാണെന്നും ആര്‍ച്ച് ബിഷപ്പ് ജൂലൈ 20ന് ദേശീയ തലസ്ഥാനത്ത് നടന്ന പൊതു പ്രാർത്ഥന യോഗത്തിൽ പറഞ്ഞു.

ലോകം മുഴുവനും ഈ പ്രവർത്തിയെ അപലപിക്കുന്നു. ഈ നിഷ്ഠൂരമായ പ്രവർത്തിയെക്കുറിച്ച് തങ്ങൾക്ക് പറയാൻ വാക്കുകൾ ഇല്ല. നമ്മുടെ ആളുകൾ കഷ്ടപ്പെടുമ്പോൾ, ഇവിടെ നിശബ്ദമായി ഇരിക്കാൻ കഴിയില്ല. രാജ്യത്തെ മറ്റ് രൂപതകള്‍ ചെയ്യുന്നതുപോലെ ഞങ്ങൾ ഞങ്ങളുടെ കഴിവിനനുസരിച്ച് ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്. തങ്ങൾ ഇവിടെ സമ്മേളിച്ചിരിക്കുന്നത് കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ സംസ്ഥാനത്ത് സമാധാനം പുലരാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാമെന്നും മെത്രാൻ ആഹ്വാനം ചെയ്തു. ഡൽഹി അതിരൂപതയുടെ എക്യുമെനിസത്തിനും ഇതരമത സംവാദത്തിനുമായുള്ള കമ്മീഷനാണ് പ്രാര്‍ത്ഥന നടത്തിയത്. മണിപ്പൂരിൽ നിന്നുള്ള മുന്നൂറിലധികം ആളുകൾ ഈ പ്രാർത്ഥന സംഗമത്തിൽ പങ്കെടുത്തുവെന്ന് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അക്രമത്തിന് ഇരയായത് കുക്കി വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യന്‍ വനിതകളാണെന്ന് ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


Related Articles »