News
ഫാത്തിമയില്‍ ജപമാല സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ; കണ്ണീരോടെ പങ്കുചേര്‍ന്ന് യുവജനങ്ങള്‍
പ്രവാചകശബ്ദം 06-08-2023 - Sunday
ലിസ്ബൺ: ആഗോള പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി യുവതീ-യുവാക്കൾക്കൊപ്പം ജപമാല പ്രാർത്ഥനയിൽ പങ്കുചേര്‍ന്നു. ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 5.45-ന് വിശുദ്ധബലി അർപ്പിച്ച പാപ്പാ, ഫാത്തിമ മാതാവിന്റെ അരികിൽ പ്രാർത്ഥന നടത്തുവാനായി നൂൺഷ്യേച്ചറിൽനിന്നും ഏകദേശം 9 കിലോമീറ്ററുകൾ അകലെയുള്ള ഫീഗോ മദുറോ വ്യോമത്താവളത്തിലേക്ക് രാവിലെ 7.30-ന് കാറിൽ യാത്രയായി. 7.45-ന് വിമാനത്താവളത്തിലെത്തിയ പാപ്പാ 8 മണിക്ക് അവിടെനിന്ന് സൈനിക ഹെലികോപ്റ്ററിൽ ഫാത്തിമയിലേക്ക് യാത്ര പുറപ്പെട്ടു. ലിസ്ബണിൽനിന്നും ഏകദേശം 103 കിലോമീറ്ററുകൾ അകലെയാണ് ഫാത്തിമ.
രണ്ടു ലക്ഷത്തോളം വരുന്ന തീർത്ഥാടകര്‍ ഫാത്തിമയില്‍ തടിച്ചുകൂടിയിരിന്നു. “വിവാ പാപ്പ” ആര്‍പ്പുവിളികളോടെയും കരങ്ങള്‍ വീശിയുമാണ് ജനം മാർപാപ്പയെ എതിരേറ്റത്. ഇതിന് പിന്നാലേ പരിശുദ്ധ ദൈവമാതാവിന്റെ ദർശനമുണ്ടായ തീർത്ഥാടന കേന്ദ്രത്തിൽ രോഗികളും അംഗവിഹീനരും തടവുകാരുമായ ഏതാനും യുവാക്കൾക്കൊപ്പം മാർപാപ്പ ജപമാലയിൽ പങ്കെടുത്തു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെത്തിയ യുവതീ-യുവാക്കൾ പാപ്പയോടൊപ്പം ജപമാല ചൊല്ലി. നിരവധി പേര്‍ നിറകണ്ണുകളോടെ ജപമാല ചൊല്ലുന്ന ദൃശ്യങ്ങള്‍ ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിന്നു.
പ്രിയ സഹോദരീ സഹോദരന്മാരേ 'യേശു പറയുന്നതെന്തും ചെയ്യൂ' എന്ന് എപ്പോഴും നമ്മോട് പറയുന്ന ദൈവമാതാവിന്റെ സാന്നിധ്യം ഇന്ന് നമുക്ക് അനുഭവിക്കാമെന്നും അവൾ നമ്മെ യേശുവിലേക്ക് ചൂണ്ടിക്കാണിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു. നാം ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഈശോയുമായും പരിശുദ്ധ കന്യകാമാതാവുമായും നമ്മെ കൂടുതൽ അടുപ്പിക്കുന്ന പ്രാർത്ഥനയാണിത്. സന്തോഷകരമായ രഹസ്യങ്ങളെക്കുറിച്ച് നാം ധ്യാനിച്ചു. സന്തോഷം നിറഞ്ഞ വീടാണു സഭയെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേര്‍ത്തു. ജപമാലയ്ക്ക ശേഷം ലത്തീൻ ഭാഷയിൽ “രാജകന്യകേ” ഗാനം വിശ്വാസികളൊന്നടങ്കം ആലപിച്ചു.
ഇത് രണ്ടാം വട്ടമാണ് പാപ്പ ഫാത്തിമയിൽ എത്തുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ 2017 മെയ് മാസം, ഇതുമായി ബന്ധപ്പെട്ട ഫ്രാൻസിസിന്റെയും, ജസീന്തയുടെയും നാമകരണച്ചടങ്ങുകളുടെ ഭാഗമായി ഫ്രാൻസിസ് പാപ്പ ഫാത്തിമയിൽ എത്തിയിരുന്നു. 1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നത്.
മെയ് 13 മുതൽ ഒക്ടോബർ 13വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. 2017-ല്‍ ഫ്രാൻസിസ്കോയെയും ജസീന്തയെയും ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.