News

ഇറാഖി ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി ലെബനോനിലെ വിവിധ സഭാനേതാക്കള്‍

പ്രവാചകശബ്ദം 21-08-2023 - Monday

ബെയ്റൂട്ട്: മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്ന ഇറാഖി ക്രൈസ്തവര്‍ക്ക് ഐക്യവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ലെബനോനിലെ ക്രിസ്ത്യന്‍ നേതാക്കള്‍ പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു. ബെയ്റൂട്ടിന് പുറത്തുള്ള ബാബ്ദായിലെ റാഫേല്‍ മാലാഖയുടെ നാമധേയത്തിലുള്ള കല്‍ദായ കത്തീഡ്രലില്‍ ഇക്കഴിഞ്ഞ ആഴ്ചയാണ് പ്രാര്‍ത്ഥന നടന്നത്. കത്തോലിക്ക, ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നുള്ള പാത്രിയാര്‍ക്കീസുമാരും, മെത്രാന്മാരും, വൈദികരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഇറാഖില്‍ സഭ കഷ്ടതയിലൂടെ കടന്നുപോയി കൊണ്ടിരിക്കുകയാണെന്നും, അബ്രഹാമിന്റെ ഈ മണ്ണില്‍ ദൈവമാണ് നമ്മളെ എത്തിച്ചതെന്നും തങ്ങള്‍ കീഴടങ്ങുകയില്ലെന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത കല്‍ദായ മെത്രാന്‍ മൈക്കേല്‍ കാസര്‍ജി പറഞ്ഞു.

ഇറാഖി പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് റഷീദിന്റെ ആവശ്യപ്രകാരം കല്‍ദായ സഭ ആസ്ഥാനം ബാഗ്ദാദില്‍ നിന്നും കുര്‍ദ്ദിസ്ഥാന്‍ മേഖലയിലേക്ക് കര്‍ദ്ദിനാള്‍ ലൂയീസ് സാകോക്കു മാറ്റേണ്ടി വന്നിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിച്ചത്. കര്‍ദ്ദിനാളിനെ കല്‍ദായ പാത്രിയാര്‍ക്കീസായി ഔദ്യോഗികമായി അംഗീകരിക്കുന്ന 2013-ലെ ഇറാഖി പ്രസിഡന്റിന്റെ ഉത്തരവ് അബ്ദുല്‍ ലത്തീഫ് റഷീദ് അടുത്തിടെ റദ്ദാക്കിയിരുന്നു. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദ്ദിനാളിനെ പാത്രിയാര്‍ക്കീസായി നിയമിച്ചത്. 2018-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു.

സ്വാര്‍ത്ഥ താല്‍പര്യത്തിന്റേയും, വിഭാഗീയതയുടേയും, ധാര്‍മ്മിക മൂല്യച്യുതിയുടേയും നടുവില്‍ ഇറാഖില്‍ ജീവിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നു കര്‍ദ്ദിനാള്‍ സാകോ ജൂലൈ 15-ന് പറഞ്ഞിരിന്നു. നമ്മുടെ വിശ്വാസം പാറപോലെ ഉറച്ചതാണെന്നും എന്തൊക്കെ കഷ്ടതകള്‍ വന്നാലും നിലനില്‍ക്കുമെന്നും ഇറാഖിലെ കല്‍ദായ സഭയുടെ പേര് ഉയര്‍ത്തുന്നതില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കര്‍ദ്ദിനാള്‍ സാകോയെന്നും ബിഷപ്പ് കാസര്‍ജി അനുസ്മരിച്ചു. ലെബനോനിലെ മാരോണൈറ്റ് കത്തോലിക്കാ സഭാതലവനായ കര്‍ദ്ദിനാള്‍ ബേച്ചാര റായിയും പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തു.

“അശുദ്ധാത്മാവേ, ആ മനുഷ്യനില്‍ നിന്നും പുറത്തുവരൂ” (മര്‍ക്കോസ് 5:8) എന്നാ ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു കര്‍ദ്ദിനാള്‍ റായിയുടെ പ്രസംഗം. ഇന്ന് ലോകം, പ്രത്യേകിച്ച് ഭരണകര്‍ത്താക്കള്‍ ദൈവത്തെ ഒരു വശത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും അവിടുത്തെ ഉത്തരവുകളും പ്രമാണങ്ങളും ഒഴിവാക്കി യാതൊരു മനസാക്ഷിയുമില്ലാതെ യുദ്ധങ്ങളും, അനീതിയും, അക്രമവും വരുത്തുകയാണെന്നും കര്‍ദ്ദിനാള്‍ ബേച്ചാര റായി പറഞ്ഞു. 2003-ന് മുന്‍പ് ഇറാഖില്‍ 15 ലക്ഷത്തിലധികം ക്രൈസ്തവരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും 2,00,000 ക്രിസ്ത്യാനികള്‍ മാത്രമാണ് രാജ്യത്തുള്ളത്. 2014-ലെ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശമാണ് ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വലിയ ഇടിവിലേക്ക് നയിക്കാനുള്ള പ്രധാന കാരണം.


Related Articles »