News - 2024

46 സിറിയൻ അഭയാർത്ഥികളെ സ്വീകരിച്ച് റോം

പ്രവാചകശബ്ദം 27-10-2023 - Friday

വത്തിക്കാന്‍ സിറ്റി: ആഭ്യന്തര യുദ്ധവും നിരന്തരമായ പ്രശ്നങ്ങളും മൂലം ദുരിതത്തിലായ സിറിയയില്‍ നിന്നുള്ള നാല്പത്തിയാറ് അഭയാർത്ഥികളെ കൂടി ഏറ്റെടുത്ത് ഇറ്റലി. ബെയ്‌റൂട്ടിൽനിന്ന് നാല്പത്തിയാറ് സിറിയൻ അഭയാർത്ഥികൾ കൂടി റോമിലെത്തിയതായി അല്‍മായ കത്തോലിക്ക സംഘടനയായ സാൻ എജിദിയോ സമൂഹം അറിയിച്ചു. ലെബനോനിലെ ആക്കാർ പ്രദേശം, ബെക്കാ താഴ്‌വാരം, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഏറെ നാളുകളായി ക്യാമ്പുകളിൽ കഴിഞ്ഞുവന്നിരുന്ന സിറിയക്കാരാണ് ഒക്ടോബർ ഇരുപത്തിയഞ്ച് ബുധനാഴ്ച രാവിലെ റോമിൽ ഫ്യുമിച്ചീനോയിലുള്ള ലെയനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയിലെത്തിയത്.

ഇസ്രായേൽ - പലസ്തീന്‍ സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ ലെബനോനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരുന്നതിനിടെയാണ് സിറിയൻ അഭയാർത്ഥികൾക്ക് അഭയം ഒരുക്കിയിരിക്കുന്നത്. സാൻ എജിദിയോ സംഘടനയും, മറ്റു സഭാസമൂഹങ്ങളും സംഘടനകളും ഇറ്റലിയിലെ ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുമായി നടത്തിയിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മാനവിക ഇടനാഴികൾ വഴി ഇവർക്ക് ഇറ്റലിയിലേക്ക് എത്തുവാനുള്ള വഴിയൊരുങ്ങിയത്. 2016 ഫെബ്രുവരിക്ക് ശേഷം സംഘടനയുടെ മേൽനോട്ടത്തിൽ ഇതിനോടകം 2700 ആളുകളെയാണ് ഇറ്റലിയിലെത്തിച്ചത്. മാനവിക ഇടനാഴികൾ വഴി ഈ കാലയളവിൽ 6500 പേരാണ് യൂറോപ്പിലേക്കെത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസമെത്തിയ അഭയാർത്ഥികളെ ഇറ്റലിയുടെ ഏഴ് റീജിയനുകളിലായാണ് വിന്യസിക്കുന്നത്. ഇവർക്ക് ഭാഷ പരിശീലനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസവും സമൂഹത്തിൽ ഒത്തുചേർന്ന് പോകാനുള്ള പരിശീലനവും, അഭയാർത്ഥി എന്ന നിലയിലുള്ള ഔദ്യോഗിക രേഖകൾ ലഭിച്ചതിന് ശേഷം ജോലിയിടങ്ങളിൽ പ്രവേശനവുമൊരുക്കുമെന്ന് സാൻ എജിദിയോ സംഘടന വ്യക്തമാക്കി. അഭയാര്‍ത്ഥികളെ കരുണയോടെ നോക്കികാണണമെന്നും അവര്‍ക്ക് വേണ്ട സഹായം ഒരുക്കണമെന്നും പാപ്പ കഴിഞ്ഞ ദിവസവും പറഞ്ഞിരിന്നു.


Related Articles »