News - 2024

ക്രിസ്തു സാക്ഷ്യവുമായി യു‌എസ് ഹൗസ് റെപ്രസന്റേറ്റീവ് സ്പീക്കറുടെ ആദ്യ പ്രസംഗം

പ്രവാചകശബ്ദം 30-10-2023 - Monday

വാഷിംഗ്ടണ്‍ ഡി‌സി: കര്‍ത്താവായ യേശുവിനെ പുകഴ്ത്തിക്കൊണ്ട് അമേരിക്കയിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ലൂസിയാനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്ക് ജോണ്‍സന്റെ ആദ്യ പ്രസംഗം. “അധികാരത്തിലുള്ളവരെ ഉയര്‍ത്തുന്നത് ദൈവമാണ്” എന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം ഹൗസ് ചേംബറില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന അമേരിക്കയുടെ ദേശീയ മുദ്രാവാക്യം പരാമര്‍ശിച്ച സ്പീക്കര്‍, എല്ലാവരെയും തുല്യരായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഇതുപോലുള്ള കാര്യങ്ങളില്‍ ആകസ്മികത ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അധികാരങ്ങളില്‍ ഇരിക്കുന്നവരെ ഉയര്‍ത്തുന്നത് ദൈവമാണെന്ന് ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രത്യേക നിമിഷത്തിനും ഈ സമയത്തിനും വേണ്ടി നമ്മെ ഓരോരുത്തരെയും ഇവിടെ കൊണ്ടുവരാൻ ദൈവം നിയമിക്കുകയും അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് എന്റെ വിശ്വാസമാണ്. ഈ മഹത്തായ രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനായി ദൈവം നമുക്ക് നൽകിയ കഴിവുകള്‍ ഉപയോഗിക്കുന്നതിന് നമുക്ക് ഓരോരുത്തർക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അവർ അതിന് അർഹരാണ്.

നമ്മുടെ റിപ്പബ്ലിക് പ്രത്യാശയുടെയും, സ്വാതന്ത്ര്യത്തിന്‍റെയും പ്രകാശഗോപുരമായി തുടരുക എന്നതില്‍ നമ്മള്‍ ശ്രദ്ധിക്കണമെന്നും ജോണ്‍സന്‍ പറഞ്ഞു. ഇക്കഴിഞ്ഞയാഴ്ച നടന്ന വോട്ടെടുപ്പില്‍ 209-നെതിരെ 220 വോട്ടുകള്‍ക്കാണ് അന്‍പത്തിയൊന്നുകാരനായ ജോണ്‍സന്‍ ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പില്‍ പങ്കെടുത്ത ഡെമോക്രാറ്റുകള്‍ ഹൗസ് മൈനോരിറ്റി നേതാവ് ഹക്കീം ജെഫ്രീസിനെ പിന്തുണച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ജോണ്‍സനെ പിന്തുണക്കുകയായിരുന്നു.


Related Articles »