Life In Christ - 2025
തമിഴ്നാടിന്റെ വളർച്ചയുടെ പ്രധാന കാരണം ക്രിസ്ത്യന്‍ മിഷ്ണറിമാര്‍: നിയമസഭാ സ്പീക്കർ എം. അപ്പാവൂ
പ്രവാചകശബ്ദം 26-07-2022 - Tuesday
ചെന്നൈ: തമിഴ്നാടിന്റെ വളർച്ചയുടെ പ്രധാന കാരണം ക്രിസ്ത്യന്‍ മിഷ്ണറിമാരാണെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ ഇല്ലായിരുന്നെങ്കിൽ തമിഴ്നാട് മറ്റൊരു ബീഹാറാകുമായിരുന്നുവെന്നും നിയമസഭ സ്പീക്കർ എം. അപ്പാവൂ. മിഷ്ണറിമാരെ പുറത്താക്കിയാൽ തമിഴ്നാട്ടിൽ ഒരു വളർച്ചയും ഉണ്ടാകില്ലായെന്നും തന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് കത്തോലിക്കാ മിഷ്ണറിമാരാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ മിഷ്ണറിമാർ മാത്രമാണ് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സർക്കാർ സൃഷ്ടിച്ചത് നിങ്ങളാണെന്ന് മുഖ്യമന്ത്രിക്ക് (എംകെ സ്റ്റാലിൻ) അറിയാം. നിങ്ങൾക്ക് (കത്തോലിക്ക മിഷനുകൾക്ക്) മുന്നോട്ട് പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് സംസാരിക്കാം, ഞാൻ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളെ പുറത്താക്കിയാൽ തമിഴ്നാട്ടിൽ ഒരു വളർച്ചയും ഉണ്ടാകില്ല. മിഷ്ണറിമാരില്ലായിരുന്നുവെങ്കിൽ തമിഴ്‌നാട് ബീഹാറിനെപ്പോലെ ആകുമായിരുന്നുവെന്നും സ്പീക്കർ അപ്പാവു പറഞ്ഞു. "വളർച്ചയുടെ പ്രധാന കാരണം കത്തോലിക്കാ മിഷ്ണറിമാരാണ്. നിങ്ങളുടെ പ്രവർത്തനമാണ് തമിഴ്നാടിന്റെ അടിത്തറ പാകിയത്"- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മിഷ്ണറിമാരുടെ നിസ്തുലമായ സേവനം വഴി ലഭിച്ച നന്മകളെ പുകഴ്ത്തിയുള്ള സ്പീക്കറുടെ പ്രസ്താവനയെ വിവാദമാക്കുവാന്‍ ചില മാധ്യമങ്ങള്‍ ശ്രമം തുടരുകയാണ്. വിവാദ പ്രസ്താവനയാക്കി ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചതിന് പിന്നാലേ അപ്പാവൂ തന്റെ നിരീക്ഷണം അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രം മാത്രമാണ് താൻ പരാമർശിച്ചതെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ മാത്രമാണ് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കിയതെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ സാമൂഹിക സമത്വം കൊണ്ടുവന്നുവെന്നും അദ്ദേഹം 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു. ബിജെപിയുടെ വിമർശനത്തോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് സ്പീക്കർ അപ്പാവു വ്യക്തമാക്കി.