News - 2024

സിഖ് മത പ്രതിനിധികള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

പ്രവാചകശബ്ദം 13-11-2023 - Monday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ സിഖ് മത പ്രതിനിധികള്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ശനിയാഴ്ചയാണ് യു‌എ‌ഇയിലെ സിഖ് ക്ഷേത്രമായ ഗുരു നാനാക്ക് ദർബാറിൻറെ ആഭിമുഖ്യത്തിൽ എത്തിയ വിവിധ രാജ്യക്കാരായ പ്രതിനിധികളെ പാപ്പ സ്വീകരിച്ചത്. ഏറ്റവും എളിയവർക്കായി, സമൂഹത്തില്‍ നിന്നു തള്ളപ്പെട്ടവർക്കായി നിസ്വാർത്ഥമായി ചെയ്യുന്ന സേവനം നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നുവെന്നു പറഞ്ഞ പാപ്പ, അത് ജീവിത ശൈലിയായിരിക്കട്ടെയെന്ന് ആശംസിച്ചു. തങ്ങൾ എത്തിച്ചേർന്നയിടങ്ങളിൽ സിഖ് മതസ്ഥർ തങ്ങളുടെ വിശ്വാസത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന സേവനത്തിൽ പാപ്പ സംതൃപ്തി പ്രകടിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരിന്നു.

കൂടിക്കാഴ്ച വേളയില്‍ ഫ്രാന്‍സിസ് പാപ്പയും സിഖ് പ്രതിനിധികളും പരസ്പരം സമ്മാനം കൈമാറി. കൂടിക്കാഴ്ച വേളയില്‍ സുവിശേഷത്തിലെ യേശുവിന്റെ വാക്കുകൾ പരിശുദ്ധ പിതാവ് അനുസ്മരിച്ചു: "എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്‌ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു" (മത്തായി 25:35-36). COP28 കോൺഫറൻസിനോട് അനുബന്ധിച്ച് ഡിസംബർ ആദ്യം യുഎഇയിലേക്ക് ഫ്രാന്‍സിസ് പാപ്പയെത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സിഖ് പ്രതിനിധികള്‍ വത്തിക്കാനില്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്.