News - 2024

യുദ്ധങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് സജീവമാക്കണം: അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ആഹ്വാനം

പ്രവാചകശബ്ദം 15-11-2023 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: യുദ്ധങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിൽ ക്രിസ്തുവിന്റെ ആഹ്വാനം സ്വീകരിച്ച് സുവിശേഷവത്ക്കരണം സജീവമാക്കണമെന്നു അമേരിക്കന്‍ മെത്രാന്‍ സമിതി. യുഎസ് ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോയാണ്, സഭ അഭിമുഖീകരിക്കുന്ന യുദ്ധങ്ങളുടെയും പീഡനങ്ങളുടെയും വെല്ലുവിളികളുടെയും ഇടയില്‍ സുവിശേഷവത്ക്കരണം സജീവമാക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ നടത്തിയത്. സ്വർഗ്ഗാരോഹണ വേളയിൽ ക്രിസ്തു നൽകിയ കൽപ്പന ''എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക'' എന്നതായിരിന്നുവെന്നും അപ്പസ്തോലന്മാരുടെ പിൻഗാമികൾ എന്ന നിലയിൽ ഈ ദൗത്യം കൃത്യമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും ആർച്ച് ബിഷപ്പ് തിമോത്തി, രാജ്യത്തെ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ചു.

ഇത് ഒരു ശ്രമകരമായ ദൗത്യമാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി നാം ഹൃദയം തുറക്കുകയും ശബ്ദം കേൾക്കുകയും ചെയ്യുന്നു. ഈ ശ്രമങ്ങളുടെ മുൻ നിരയിൽ സുവിശേഷംകൊണ്ട് തീപിടിച്ച പ്രതിബദ്ധതയുള്ള വൈദികരാണ് മുന്നില്‍ നില്‍ക്കുന്നത്. അവരാണ് നമ്മുടെ ആദ്യ സഹകാരികൾ, അവരുടെ അശ്രാന്ത പരിശ്രമത്തെയാണ് നാം ആശ്രയിക്കുന്നത്. സെമിനാരികളിൽ തയ്യാറെടുക്കുന്ന യുവാക്കളും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അവർ ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ അടയാളമാണ്. ഒരേ സമയം പ്രാന്തപ്രദേശങ്ങളിലേക്ക് ഉള്‍പ്പെടെ എത്തുമ്പോൾ നമ്മുടെ വിശ്വാസ സമൂഹങ്ങളിൽ ഊർജ്ജസ്വലതയും പ്രതിബദ്ധതയും നവീകരണവും പകരാൻ ശ്രമിക്കുന്ന എല്ലാവർക്കും നന്ദി അര്‍പ്പിക്കുന്നതായും ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രസംഗത്തില്‍ ഇസ്രായേല്‍ - ഹമാസ് പോരാട്ടത്തെ കുറിച്ചും ആർച്ച് ബിഷപ്പ് തിമോത്തി സൂചിപ്പിച്ചു. ഇസ്രായേലിന്റെ നിലനിൽപ്പിനു ഒരു സ്ഥാനം വേണമെന്ന അവകാശം ഞങ്ങൾ അംഗീകരിക്കുന്നു. അതേ സമയം, വിശുദ്ധ നാട്ടിലെ പാലസ്തീനികൾ - ന്യൂനപക്ഷമായിരിക്കുമ്പോൾ തന്നെ, അവരുടേതായ ഒരു ഭൂമിയിൽ അവകാശമുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇന്നലെ ചൊവ്വാഴ്ച ബാൾട്ടിമോറിൽ ആരംഭിച്ച അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ വാർഷിക കോണ്‍ഫറന്‍സിലാണ് ആര്‍ച്ച് ബിഷപ്പ് ബ്രോഗ്ലിയോ ഇക്കാര്യം പറഞ്ഞത്.


Related Articles »