India - 2025
ലോഗോസ് 2023 ബൈബിൾ ക്വിസ്: മെഗാ ഫൈനൽ ഇന്നും നാളെയുമായി പിഒസിയിൽ
പ്രവാചകശബ്ദം 18-11-2023 - Saturday
കൊച്ചി: ലോഗോസ് 2023 ബൈബിൾ ക്വിസിന്റെ മെഗാ ഫൈനൽ ഇന്നും നാ ളെയുമായി പാലാരിവട്ടം പിഒസിയിൽ നടക്കും. ലോഗോസ് പ്രതിഭയ്ക്ക് 65,000 രൂപ കാഷ് അവാർഡും സ്വർണമെഡലും സമ്മാനമായി നൽകും. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമെന്നറിയപ്പെടുന്ന ലോഗോസിൽ ഈ വർഷം അഞ്ചു ലക്ഷം പേരാണു രജിസ്റ്റർ ചെയ്തത്. രൂപതാതലങ്ങളിൽ വിജയികളായ 600 പേരിൽ ആറു പേരാണ് മെഗാ ഫൈനലിൽ പങ്കെടുക്കുക. ഇതിലെ ജേതാവാണു ലോഗോസ് പ്രതിഭ.
ലോഗോസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങളിൽ വിജയിക്കുന്നവർക്ക് 14 ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്. ഓരോ കാറ്റഗറിയിലും ജേതാക്കൾക്ക് 15,000 രൂപ യും സ്വർണമെഡലും നൽകും. ഈ വർഷം ഭിന്നശേഷിക്കാർക്കും മത്സരമുണ്ട്. വിവിധ രൂപതകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഭിന്നശേഷി ക്കാർ മത്സരിക്കും. ഫമിലിയ ലോഗോസിൽ രൂപതകളിൽനിന്നു വിജയിച്ചുവന്ന 20 ഫാമിലികൾ ലോഗോസ് ഫമിലിയ ചാമ്പ്യനാകാൻ മത്സരിക്കും.നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപനച്ചടങ്ങിൽ കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ലോഗോസ് ക്വിസ് 2023ൽ ഏറ്റവുമധികം പേരെ പങ്കെടുപ്പിച്ചതിനുള്ള പുരസ്കാരം എറണാകുളം- അങ്കമാലി അതിരൂപതയ്ക്കാണ്. അരലക്ഷം പേരാണ് അതിരൂപതയിൽ പരീക്ഷയെഴുതിയത്. രണ്ടാം സ്ഥാനത്ത് തൃശൂർ അതിരൂപതയാണ്. മൂന്നാം സ്ഥാനം പാലാ രൂപത സ്വന്തമാക്കി. ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച ഇടവകയ്ക്കുള്ള പുരസ്കാരം പാലാ രൂപതയിലെ കുറവിലങ്ങാടിനാണ്. വരാപ്പുഴ അതിരൂപതയിലെ ഓച്ചൻതുരുത്തും എറണാകുളം - അങ്കമാലി അതിരൂപതയിലെ അങ്കമാലിയും ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. രാമനാഥപുരം, കണ്ണൂർ, പാലക്കാട് രൂപതകൾ പ്രത്യേക പുരസ്കാരങ്ങൾ നേടി.
