Youth Zone

4,70,000 പേരെ പിന്തള്ളി മാണ്ഡ്യ രൂപതാംഗമായ നിമാ ലിന്റോ ഇത്തവണത്തെ ലോഗോസ് പ്രതിഭ

പ്രവാചകശബ്ദം 21-11-2022 - Monday

കൊച്ചി: കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റിയുടെ 22-ാമത് സംസ്ഥാനതല ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ബാഗ്‌ളൂരില്‍നിന്നുള്ള നിമാ ലിന്റോ ഒന്നാമതെത്തി ലോഗോസ് പ്രതിഭയായി. മാണ്ഡ്യ രൂപതയില്‍നിന്നുള്ള വിവര സാങ്കേതിക മേഖലയിലെ ജീവനക്കാരിയാണ് നിമ ലിന്റോ. നാലു ലക്ഷത്തിഎഴുപതിനായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 700 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിരര്‍ക്കായുള്ള ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനത്തിന് തലശ്ശേരി അതിരൂപതയില്‍നിന്നുള്ള നിമ്മി ഏലിയാസ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ഫാമിലി ക്വിസ്സില്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുതക്കരയില്‍ ജെയ്‌മോന്‍ & ഫാമിലി തിരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ പങ്കെടുക്കുന്ന ഈ വചനോപാസനയില്‍ കേരളത്തില്‍നിന്നും കേരളത്തിനുപുറത്തുനിന്നുമുള്ള 39 രൂപതകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.

ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയില്‍ നവംബര്‍ 20 നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഉ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് നിമ ലിന്റോ. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: അ റെയ്ചല്‍ മരിയ റെജി (തിരുവനന്തപുരം ലത്തീന്‍ അതിരൂപത), ആ - അലീന ജെയ്‌മോന്‍ (ചങ്ങനാശ്ശേരി അതിരൂപത), ഇ- അഞ്ചന ടോജി (പാലാ), ഋ - ആനി ജോര്‍ജ് (തൃശ്ശൂര്‍), എ- ലൈല ജോണ്‍ (പാലക്കാട്). കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരത്തിന് റവ. ഫാ. ജോസ് മരിയ ദാസ് അര്‍ഹനായി.

സമാപന സമ്മേളനത്തില്‍ ബിഷപ്പ് ജോര്‍ജ് മഠത്തികണ്ടത്തില്‍ അവാര്‍ഡ് നല്‍കി സംസാരിച്ചു. സമ്മേളനത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപിള്ളി അധ്യക്ഷത വഹിച്ചു. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ലോഗോസ് പ്രതിഭയ്ക്ക് പാലയ്ക്കല്‍ തോമ്മാ മല്പാന്‍ 25000 രൂപയുടെ ക്യാഷ് അവാര്‍ഡും സിജോ വടക്കന്‍, ട്രിനിറ്റി ടെക്‌സാസ്, സ്‌പോണ്‍സര്‍ ചെയ്യുന്ന 25000 രൂപയുമാണ് സമ്മാനം. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.


Related Articles »