News - 2024

"ഉള്ളവന് വീണ്ടും നൽകപ്പെടും, ഇല്ലാത്തവനിൽ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടും"; ഇത് അനീതിയല്ലേ?

പ്രവാചകശബ്ദം 05-12-2023 - Tuesday

ഉള്ളവന് വീണ്ടും നൽകപ്പെടും, ഇല്ലാത്തവനിൽ നിന്ന് ഉള്ളത് കൂടി എടുക്കപ്പെടും (മത്തായി 25:29) ബൈബിളിലെ താലന്തുകളുടെ ഉപമയിലെ വാക്യമാണിത്. മുതലാളിത്ത വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനപോലെ തോന്നിക്കുന്നതാണീ വാക്യം. ദൈവനീതിക്കു നിരക്കുന്നതാണോ ഈ മനോഭാവം എന്നു സംശയിക്കാം. എന്നാൽ താലന്തിന്റെ ഉപമയിലെ ഭൃത്യന്മാരുടെ മനോഭാവത്തിന്റെയും പ്രവർത്തന ശൈലിയുടെയും വെളിച്ചത്തിലാവണം നാം ഇതിനെ മനസ്സിലാക്കേണ്ടത് (ലൂക്കാ 19:11-27). ഇവിടെ ഉള്ളവൻ എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് വ്യാപാരം ചെയ്ത് ലാഭം ഉണ്ടാക്കിയവനെയാണ്. മൂലധനം വർദ്ധിപ്പിച്ചവനെയാണ്. ഇല്ലാത്തവൻ, മൂലധനം വർദ്ധിപ്പിക്കാത്തവനും യജമാനന് സമ്പാദ്യം ഒന്നും കൊടുക്കാനില്ലാത്തവനുമാണ്; അവനുള്ളത് യജമാനൻ മൂലധനമായി കൊടുത്ത നാണയം മാത്രമാണ്.

അദ്ധ്വാനശീലനും വിശ്വസ്തനുമായവനെ അംഗീകരിച്ച് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതിലും അലസനും അവിശ്വസ്ത‌നുമായവനെ അവിശ്വസിച്ച് അവനിൽനിന്ന് ഉത്തരവാദിത്വങ്ങൾ എടുത്തു മാറ്റുന്നതിലും അനീതി ദർശിക്കുവാൻ സാധിക്കുകയില്ല. ഈശോയുടെ മഹത്വീകരണത്തിനും പുനരാഗമനത്തിനും ഇടയ്ക്കുള്ള സമയം ദൈവരാജ്യം (സുവിശേഷം) പ്രഘോഷിക്കാൻ അവിടുന്ന് ശിഷ്യരെ ചുമതലപ്പെടുത്തി. ഏല്പിച്ച ദൗത്യം ഫലപ്രദമായി പൂർത്തിയാക്കുന്നവർക്കുള്ള പ്രതിഫലവും അലസർക്കുള്ള ശിക്ഷയും വെളിപ്പെടുത്തുകയാണ് ഈ ഉപമയുടെ ലക്ഷ്യം.

ദൈവരാജ്യം ദാനംകിട്ടിയവർ ദൈവരാജ്യത്തിനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ ലഭിച്ചിരുന്നതും നഷ്ടപ്പെടും, അതാണ് അവർക്കുള്ള ശിക്ഷ. മറിച്ച്, തന്നോട് സഹകരിക്കുന്നതിൽ ഉത്തരവാദിത്വമുള്ളവരെയും തൻ്റെ ഔദാര്യത്തിൽ വിശ്വസിച്ച് ഉത്സാഹികളാകുന്നവരെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കുന്നു. ദൈവം തന്ന കൃപാദാനങ്ങളെ വെറുതെ അലസമായി കളയാനുള്ളതല്ല, അതു ഉപകാരപ്പെടുത്തണം. നാണയം തന്നവനെയും സാഹചര്യങ്ങളെയും കുറ്റപ്പെടുത്തി ആർക്കും രക്ഷപ്പെടാനാവില്ല.

(സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിശ്വാസ വഴിയിലെ സംശയങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്‍)


Related Articles »