News - 2024

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വിടവാങ്ങല്‍ പ്രഖ്യാപന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം

പ്രവാചകശബ്ദം 08-12-2023 - Friday

പ്രിയപ്പെട്ടവരേ,

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ!

ദൈവകൃപയാൽ 2011 മെയ് 29-ാം തിയതി മുതൽ മേജർ ആർച്ചുബിഷപ് എന്ന നിലയിൽ സീറോമലബാർസഭയിൽ ഞാൻ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണു മേജർ ആർച്ചുബിഷപിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്.

നിങ്ങളിൽ ചിലർക്കെങ്കിലും അറിയാവുന്നതുപോലെ, മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തുനിന്നു വിരമിക്കാനുള്ള എന്റെ ആഗ്രഹം 2019 ജൂലൈ 19-നു ഞാൻ പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു. നമ്മുടെ സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യസ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണു ഞാൻ ആ തീരുമാനം എടുത്തത്. സ്ഥാനമൊഴിയണമെന്ന എന്റെ ആഗ്രഹം അംഗീകരിക്കുന്നതിനുവേണ്ടി ഞാൻ താല്പര്യത്തോടെ അഭ്യർഥിച്ചുവെങ്കിലും, എന്റെ തീരുമാനം സ്വീകരിക്കുന്നതിനുമുൻപു പരിശുദ്ധ പിതാവ് സീറോമലബാർസഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.

പ്രാർഥനാപൂർവകമായ പുനരാലോചനകൾക്കുശേഷം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വത്തിൽനിന്നു മാറാൻ അനുവദിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് 2022 നവംബർ 15നു എന്റെ രാജി പരിശുദ്ധ പിതാവിനു വീണ്ടും സമർപ്പിച്ചു. എന്റെ അഭ്യർഥനയിൽ ഉടനടി തീരുമാനമെടുത്തില്ലെങ്കിലും ഒരു വർഷത്തിനുശേഷം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്വത്തിൽനിന്നു വിരമിക്കാൻ എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു എന്ന വിവരം നിങ്ങളെ അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്.

അതിനാൽ, ഇന്നേദിവസം 2023 ഡിസംബർ 7-ാം തിയതി പ്രാബല്യത്തിൽവരുന്നവിധം സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനത്തുനിന്നു ഞാൻ ഔദ്യോഗികമായി വിരമിക്കുന്നു. നിങ്ങളുടെ പ്രാർഥനയും പിന്തുണയും മാറ്റത്തിന്റെ ഈ കാലയളവിൽ ഉണ്ടാകുമല്ലോ.

പൗരസ്ത്യസഭാനിയമപ്രകാരം മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനം ഒഴിവുവരുമ്പോൾ സഭയുടെ കൂരിയാബിഷപ് - ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ - പുതിയ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതാണ്.

ഈശോയിൽ സ്നേഹപൂർവം,

+ കർദിനാൾ ജോർജ് ആലഞ്ചേരി.


Related Articles »