News

മാഡ്രിഡിലെ 'ജപമാല നിരോധന'ത്തിനെതിരെ നിയമ പോരാട്ടവുമായി സ്പാനിഷ് അഭിഭാഷക

പ്രവാചകശബ്ദം 14-12-2023 - Thursday

മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലെ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ജീസസ് ദേവാലയത്തിന് പുറത്ത് ജപമാല ചൊല്ലിക്കൊണ്ടിരുന്ന വിശ്വാസികളെ അന്യായമായി അറസ്റ്റ് ചെയ്ത സ്പെയിനിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. സമാധാനപരമായി ജപമാല ചൊല്ലിക്കൊണ്ടിരുന്ന വിശ്വാസികളെ പോലീസിനെ വിട്ട് അറസ്റ്റ് ചെയ്യിപ്പിച്ച മാഡ്രിഡ് മുനിസിപ്പാലിറ്റിക്കെതിരെ 4 കുട്ടികളുടെ അമ്മയും, അഭിഭാഷകയും, ക്രിസ്ത്യന്‍ അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ ‘അബോഗഡോസ് ക്രിസ്റ്റ്യാനോസ്.ഇഎസ്’ന്റെ സ്ഥാപകയുമായ പൊളോണിയ കാസ്റ്റെല്ലാനോസ് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

മാഡ്രിഡ് മുനിപ്പാലിറ്റിയുടെ അധികാര ദുര്‍വിനിയോഗമാണിതെന്നു കാസ്റ്റെല്ലാനോസ് കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “മതസ്വാതന്ത്ര്യമെന്ന മൗലീകാവകാശത്തെ പരിമിതപ്പെടുത്തുവാന്‍ മുനിസിപ്പാലിറ്റിക്ക് യാതൊരു അധികാരവുമില്ല. സര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആധികാരികമായ മതപീഡനം തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ പങ്കാളികളുടെ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ റദ്ദാക്കുമ്പോള്‍, പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ സമാധാനത്തോടെ ജീവിക്കുന്ന ആളുകളെ ജയിലിലേക്ക് അയക്കുകയാണെന്ന് കാസ്റ്റെല്ലാനോസ് ചൂണ്ടിക്കാട്ടി.

ജോസ് ആന്‍ഡ്രെസ് കാള്‍ഡെറോണ്‍ എന്ന യുവ നിയമവിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സ്പാനിഷ് യുവജനങ്ങള്‍ ഒരുമിച്ച്കൂടി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ജീസസ് ദേവാലയത്തിന് പുറത്ത് ദിവസവും ജപമാല ചൊല്ലുന്നത് പതിവായിരുന്നു. ജപമാലയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവന്നു. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് ഡിസംബര്‍ 8-ന് ഏതാണ്ട് 50-തോളം നഗരങ്ങളില്‍ കത്തോലിക്കര്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. നവംബര്‍ 8-ന് കാള്‍ഡെറോണെ പോലീസ് അറസ്റ്റ് ചെയ്യുകയും പിഴ വിധിക്കുകയും ചെയ്തു.

“അബോര്‍ഷനും ദയാവധവും വര്‍ദ്ധിച്ചു; കത്തോലിക്കര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ദേവാലയങ്ങള്‍ക്കെതിരെയുള്ള ബോംബാക്രമണങ്ങള്‍ക്ക് പുറമേ, വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്നു. ഇതിനെതിരെ നമ്മള്‍ ശബ്ദിക്കാത്തതുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്” കാള്‍ഡെറോണ്‍ പറയുന്നു. കത്തോലിക്ക സ്മാരകങ്ങള്‍ക്കെതിരെ നടന്ന നൂറോളം കേസുകള്‍ തങ്ങള്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‍ കാസ്റ്റെല്ലാനോസ് അറിയിച്ചു. ക്രിസ്തു വിശ്വാസം മുറുകെ പിടിക്കുന്ന പൊളോണിയ കാസ്റ്റെല്ലാനോസ് ശക്തമായ പ്രോലൈഫ് വീക്ഷ്ണമുള്ള നേതാവ് കൂടിയാണ്.


Related Articles »