News - 2024

ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ ഉത്തര ഇസ്രായേലിലെ ക്രൈസ്തവ ദേവാലയത്തിന് കേടുപാട്

പ്രവാചകശബ്ദം 28-12-2023 - Thursday

ടെല്‍ അവീവ്: ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ ഉത്തര ഇസ്രായേലിൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിന് കേടുപാട് സംഭവിച്ചു. 1951ൽ ഇസ്രായേൽ ആധിപത്യം നേടിയ ഇക്ക്റിത്ത് എന്ന അറബ് ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 9 ഇസ്രായേലി സൈനികർക്കും, ഒരു പൗരനും പരിക്കേറ്റു. സായുധ ഷിയാ ഇസ്ലാമിക സംഘടനയും ലെബനോന്‍ ആസ്ഥാനമായുള്ള രാഷ്ട്രീയ പാർട്ടിയുമാണ് ഹിസ്ബുള്ള.

സംഭവം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പാസാക്കിയ 1701 പ്രമേയത്തിന്റെ ലംഘനമാണെന്ന് ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയ ഡെപ്യൂട്ടി വക്താവ് അലക്സ് ഗാണ്ട്ലർ പറഞ്ഞു. പരുക്ക് പറ്റിയ പൗരന് പ്രാഥമിക ചികിത്സ നൽകുന്നതിനിടയിൽ മറ്റൊരു ആക്രമണം ഹിസ്ബുള്ള നടത്തിയെന്നും ഇതിൽ ഏതാനും സൈനികർക്ക് പരിക്കേറ്റുവെന്നും, ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

1948ൽ ഇസ്രായേൽ രാജ്യമായി നിലവിൽ വന്നതിനുശേഷം ഈ ഗ്രാമത്തിൽ നിന്നും ആളുകളെ പുറത്താക്കിയിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് 1951-ല്‍ ക്രിസ്തുമസ് നാളിൽ ഇസ്രായേൽ ഒരു ദേവാലയവും, സെമിത്തേരിയും ബാക്കിവെച്ച് ഗ്രാമം മുഴുവൻ ഉഴുതുമറിച്ചു. അതേസമയം ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഏതാണ്ട് എല്ലാ ദിവസവും തന്നെ ഇസ്രായേൽ- ലബനോൻ അതിർത്തിയിൽ സംഘർഷം നടക്കുന്നുണ്ട്. നിരവധി പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.


Related Articles »