News - 2024

ബെനഡിക്ട് പാപ്പയുടെ സ്വകാര്യ പ്രബോധനങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാന്‍

പ്രവാചകശബ്ദം 28-12-2023 - Thursday

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മുന്‍പ് പ്രചരിപ്പിക്കപ്പെടാത്ത സ്വകാര്യ പ്രഭാഷണങ്ങള്‍ വരും വർഷങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാത്തലിക് ന്യൂസ് സർവീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നൽകിയ നൂറ്റിമുപ്പതോളം പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകമായാണ് പുറത്തിറക്കുക. മാർപാപ്പ ആയിരിക്കുമ്പോൾ നടത്തിയ 30 സന്ദേശങ്ങളും സ്ഥാനത്യാഗം നടത്തിയ ശേഷം വിശ്രമ ജീവിതം നയിച്ചിരിന്നിടത്ത് അംഗങ്ങൾക്ക് നൽകിയ നൂറിലധികം സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ ബെനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ ആറ് പ്രഭാഷണങ്ങൾ കത്തോലിക്കാ പ്രസാധകരായ ഇഗ്നേഷ്യസ് പ്രസ്സ് പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിന്നു.. "ദ ഡിവൈൻ പ്രൊജക്റ്റ്: റിഫ്ലക്ഷൻസ് ഓൺ ക്രിയേഷൻ ആൻഡ് ചർച്ച്" എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിരിന്നത്. ഓഡിയോ കാസറ്റിൽ പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടെങ്കിലും, പിന്നീട് അത് കാണാതായിരുന്നു. 30 വർഷത്തിനു ശേഷം കാസറ്റ് തിരികെ ലഭിക്കുകയായിരിന്നു.

2022 ഡിസംബർ 31-ന് തന്റെ 95-ാമത്തെ വയസ്സിലാണ് ആധുനിക കാലത്തെ തിരുസഭ കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. 1294-ൽ സെലസ്റ്റിൻ അഞ്ചാമന് ശേഷം സ്വമേധയാ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ മാർപാപ്പയായിരിന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പ.


Related Articles »