News - 2025
ഇറാനിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൂട്ടക്കൊല; ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 06-01-2024 - Saturday
ടെഹ്റാൻ: ഇറാന്റെ തെക്കുകിഴക്കൻ നഗരമായ കെർമാനിൽ നൂറോളംപേരുടെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയെ അപലപിച്ചും ദുഃഖം പ്രകടിപ്പിച്ചും ഫ്രാൻസിസ് പാപ്പ. സ്ഫോടനങ്ങളിൽ സംഭവിച്ച ജീവഹാനിയിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പാപ്പ, ദുരന്തത്തിൽ ഉൾപെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതി ദുഃഖിതരായ കുടുംബാംഗങ്ങൾക്കു പാപ്പ തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തു. പരിക്കേറ്റവരോടു തന്റെ ആത്മീയ ഐക്യദാർഢ്യം പ്രകടിപ്പിച്ച പാപ്പ, ഇറാനിലെ എല്ലാ ജനങ്ങൾക്കും വേണ്ടി തന്റെ പ്രാർത്ഥന അറിയിക്കുകയും ചെയ്തു.
ഇറാന്റെ മുൻസൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൻ്റെ നാലാംവാർഷികത്തിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമായിരുന്നു സ്ഫോടനം നടന്നത്. ഇറാനിൽ ഏറെ ശ്രദ്ധേയനായിരുന്ന സുലൈമാനിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തിൽ അനേകംപേർ ഒത്തുകൂടിയിരുന്നു. ഇവരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടരിലേറെയും. നൂറ്റിഅൻപതോളം പേർക്ക് പരിക്കേറ്റിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തിരിന്നു.
