News - 2025
പുതുവര്‍ഷത്തിലും ചൈനീസ് മെത്രാന്‍ അകാരണമായി തടങ്കലില്‍
പ്രവാചകശബ്ദം 09-01-2024 - Tuesday
ബെയ്ജിംഗ്: വത്തിക്കാന്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ വെന്‍സോ രൂപതയിലെ മെത്രാന്‍ മോണ്‍. ഷാവോ സൂമിന്‍ അകാരണമായി തടങ്കലില്‍. 2011-ൽ വത്തിക്കാന്റെ അംഗീകാരത്തോട് കൂടി നിയമിതനായ മെത്രാന്റെ പദവി അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തയാറായിരിന്നില്ല. ഇതിന്റെ പേരില്‍ നിരവധി തവണ തടങ്കലിലായ വ്യക്തി കൂടിയാണ് ബിഷപ്പ് പീറ്റർ ഷാവോ. അതേസമയം നിലവിലെ സാഹചര്യങ്ങൾ ആശാവഹമല്ലെന്നും ഒരുപക്ഷേ അദ്ദേഹം ദീർഘനാൾ തടവിലാക്കപ്പെടുമെന്നുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ വിശ്വാസികളെ ആശങ്കയിലാഴ്ത്തി ബിഷപ്പിനെ എവിടെയാണ് തടങ്കലിലാക്കിയിരിക്കുന്നതെന്നതും അജ്ഞാതമാണ്.
കിഴക്കിൻ്റെ ജെറുസലേം എന്നറിയപ്പെടുന്ന നഗരത്തിലെ തിരുനാളാവസരങ്ങളിൽ, പൊതുവായ ദിവ്യബലി അർപ്പിക്കുന്നതിൽനിന്ന് ബിഷപ്പിനെ തടഞ്ഞുകൊണ്ട് കസ്റ്റഡിയിലെടുക്കുക പതിവായിരുന്നു. എന്നാൽ ഈ വർഷം പതിവിലും വ്യത്യസ്തമായി ക്രിസ്തുമസ്സിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡിസംബർ 16ന് സുരക്ഷാസേന അദ്ദേഹത്തെ കൊണ്ടുപോയി രണ്ടു ദിവസങ്ങൾക്കു ശേഷം വിട്ടയച്ചു. ഡിസംബർ 24, 25 തീയതികളിൽ, ക്രിസ്തുമസ് കുർബാന ആഘോഷിക്കുന്നതിൽ നിന്ന് തടയാൻ അദ്ദേഹത്തെ തൈഷുൺ കൗണ്ടിയിൽ കൊണ്ടുപോയി. വൈകാതെ പുതുവര്‍ഷത്തിലും തടങ്കലിലാക്കുകയായിരിന്നു. 6 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും മെത്രാനെ കുറിച്ച് യാതൊരു വിവരവുമില്ല.
നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭയും രാജ്യത്തുണ്ട്. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയും, വത്തിക്കാന്റെ പരമാധികാരത്തെ അംഗീകരിക്കുന്ന അധോസഭയും തമ്മില്‍ ഐക്യപ്പെടുത്തുന്നത് സംബന്ധിച്ച് 2018 സെപ്റ്റംബറില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരിന്നു. എന്നാല്‍ കരാറിന് ശേഷവും രഹസ്യ സഭയിലെ വിശ്വാസികളും, വൈദികരും സർക്കാർ അംഗീകാരമുള്ള സഭയുടെ ഭാഗമാകാൻ നിർബന്ധിതരാകുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
