India - 2025
ആശംസകൾ അറിയിച്ച് സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലിമീസ് ബാവ
പ്രവാചകശബ്ദം 11-01-2024 - Thursday
കൊച്ചി: സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ആശംസകൾ അറിയിച്ച് സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. പ്രേഷിത ചൈതന്യ ഭൂമിയിൽ തൻ്റെ ഇടയ ശുശ്രൂഷ നിർവഹിച്ച മാർ റാഫേൽ തട്ടിൽ, സീറോമലബാർ സഭയെന്ന മാർത്തോമ്മാ പൈതൃകമുള്ള വലിയ സഭയുടെ വലിയ ശുശ്രൂഷ ഏറ്റെടുക്കുകയാണ്.
ഈ അപ്പസ്തോലിക സഭയുടെ ശുശ്രൂഷ കാലഘട്ടത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ദൈവോന്മുഖതയിലും മനുഷ്യബന്ധത്തിലും ദിശാബോധത്തിലും സഭയെ നയിക്കുന്നതിന് അദ്ദേഹം സന്നദ്ധനും സമർപ്പിതനുമെന്ന് തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് സീറോമലബാർ സഭയിലെ മെത്രാന്മാർ ഈ പരിശുദ്ധാത്മ നിയോഗത്തിൽ അദ്ദേഹത്തെ പൂർണമായി വിശ്വസിച്ച് തെരഞ്ഞെടുത്തത്.
മാർ തട്ടിൽ ഇതുവരെ നൽകിയിട്ടുള്ള ശുശ്രൂഷകൾക്ക് പ്രത്യേക മാനവും പുതിയ ദിശാബോധവും കൈവരികയാണ്. സീറോമലബാർ സഭ ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഈ അപ്പസ്തോലിക സഭയുടെ പ്രേഷിത ചൈത
ന്യം സജീവസാക്ഷ്യമായി ലോകത്തിനു നൽകുകയെന്ന പ്രേഷിതധർമം അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇതുവരെയും ഈ സഭ നൽകിയിട്ടുള്ള പ്രേഷിത ചൈതന്യത്തിന്റെ മിഴിവാർന്ന സാക്ഷ്യവും അടയാളങ്ങളും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളി ലും ഇന്ന് പ്രകടമാണ്. ഈ ശുശ്രൂഷയ്ക്ക് കൂടുതൽ കരുത്തേകുന്നതിന് പുതിയ മേജർ ആർച്ച്ബിഷപ്പിന് സാധിക്കുമെന്നും കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പറഞ്ഞു.