News - 2024

സ്പെയിനിലെ ബെനഡിക്ടന്‍ സന്യാസ ആശ്രമം ആരംഭിച്ചിട്ട് ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നു

പ്രവാചകശബ്ദം 12-01-2024 - Friday

വത്തിക്കാന്‍ സിറ്റി: സ്പെയിനിലെ പ്രശസ്തമായ ബെനഡിക്ടന്‍ സന്യാസ ആശ്രമം ആരംഭിച്ച് ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നു. 2025ലെ സഹസ്രാബ്ദ ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ് സ്പെയിനിലെ മൗണ്ട്സെറാത്ത് സന്യാസ ആശ്രമം. ആത്മീയ, ചരിത്ര പൈതൃകമായി നിലനിൽക്കുന്ന ബെനഡിക്ട്ൻ ആശ്രമം സഹസ്രാബ്ദത്തോട് അനുബന്ധിച്ച് നിരവധി പരിപാടികൾക്കാണ് പദ്ധതിയിടുന്നത്. 1025-ൽ ഒലിവ ഡി റിപ്പോളി എന്ന സന്യാസി ആരംഭിച്ച ആശ്രമം ഇന്നും ഏറെ ശ്രദ്ധേയമായി നിലകൊള്ളുന്ന കേന്ദ്രമാണ്.

തീർത്ഥാടകർക്കും പണ്ഡിതർക്കും ഉൾപ്പെടെ എല്ലാ മേഖലകളില്‍ നിന്നുള്ളവര്‍ക്കും എല്ലാക്കാലത്തും ഒരു ആശ്രയകേന്ദ്രമായിരുന്നു ഇത്. മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളും, പ്രശസ്തമായ ബ്ലാക്ക് മഡോണയുടെ ശില്പം ഉൾപ്പെടെയുള്ളവ അമൂല്യവസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സഹസ്രാബ്ദ ആഘോഷത്തിന്റെ ഭാഗമായി ആശ്രമത്തിന്റെ ചരിത്രത്തെ പറ്റിയുള്ള പ്രദർശനങ്ങളും കൺസേർട്ടുകളും പ്രത്യേക ആരാധനകളും അധികൃതർ ക്രമീകരിക്കുന്നുണ്ട്.

2025ൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തോട് അനുബന്ധിച്ചു തന്നെ തങ്ങളുടെ സഹസ്രാബ്ദ ആഘോഷങ്ങളും നടത്താമെന്നത് ആശ്രമ നേതൃത്വത്തിന് വലിയ ആഹ്ളാദം പകര്‍ന്നിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ ആശ്രമത്തിൽ സന്യാസികൾ ജീവിക്കുന്നുണ്ട്. പ്രാർത്ഥനയ്ക്കും, സന്നദ്ധ പ്രവർത്തനങ്ങൾക്കും മുന്‍തൂക്കം നല്‍കിയാണ് ഇവരുടെ ജീവിതം. ചരിത്ര പ്രാധാന്യവും, ആത്മീയതയും, വിസ്മയനീയമായ കാഴ്ചകളും ഒരുപോലെ സമ്മാനിക്കുന്നതിനാല്‍ ലോകമെമ്പാടും നിന്നുള്ള നിരവധി സന്ദർശകർ വരും നാളുകളില്‍ ഇവിടേയ്ക്ക് ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്.


Related Articles »