News - 2024

മ്യാൻമറിലെ മിലിട്ടറി ആക്രമണം; 17 ക്രൈസ്തവർക്ക് കുടുംബാംഗങ്ങൾ കണ്ണീരോടെ വിട നൽകി

പ്രവാചകശബ്ദം 14-01-2024 - Sunday

നായിപ്പിഡോ: മ്യാൻമറിലെ മിലിട്ടറി കൊലപ്പെടുത്തിയ ചിൻ വംശജരായ 17 ക്രൈസ്തവർക്ക് കണ്ണീരോടെ കുടുംബാംഗങ്ങൾ വിട നൽകി. ഇവരുടെ മൃതസംസ്കാര ശുശ്രൂഷകൾ കാനാൻ ഗ്രാമത്തിലെ സെമിത്തേരിയിൽ നടന്നു. പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങളെയും ഒരു വിദ്യാലയത്തെയും ലക്ഷ്യംവെച്ച് നടത്തിയ ബോംബ് ആക്രമണങ്ങളിൽ 6 കുട്ടികൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. ബോംബ് ആക്രമണം നടന്ന സമയത്ത് ക്രൈസ്തവ വിശ്വാസികൾ ദേവാലയങ്ങളിൽ പ്രാര്‍ത്ഥനയില്‍ പങ്കുചേരുകയായിരുന്നു.

മ്യാൻമറിലെ മിലിട്ടറിയും, വിമതരും തമ്മിൽ ഉഗ്രൻ പോരാട്ടം നടക്കുന്ന കമ്പത്ത് പട്ടണത്തിലാണ് കാനാൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നവംബർ മാസം മുതൽ വിമതരുടെ കൈയിലാണ് ഈ പട്ടണം ഉള്ളത്. കഴിഞ്ഞ 36 മാസത്തിനുള്ളിൽ 170 കൂട്ടക്കൊലകളെങ്കിലും സൈനിക ഭരണകൂടം നടത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അക്രമണത്തിന്റെ ഉത്തരവാദിത്വം മിലിറ്ററി നിഷേധിച്ചിട്ടുണ്ട്. കാനൻ ഗ്രാമം ഇന്ത്യയുടെ അതിർത്തിയായ കലയ്ക്കും തമുവിനും ഇടയിലുള്ള ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടായിരത്തോളം ക്രൈസ്തവര്‍ താമസിക്കുന്ന ഗ്രാമമാണ് ഇത്.

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളായ കയാ, ചിൻ, കാച്ചിൻ, കാരെൻ സംസ്ഥാനങ്ങളിൽ സൈന്യം, വിമത സേനയ്‌ക്കെതിരായ ആക്രമണം ശക്തമാക്കിയിരിന്നു. അതേസമയം വിമത ഗ്രൂപ്പുകളിൽ നിന്ന് സൈന്യം ശക്തമായ പ്രതിരോധം നേരിടുന്ന ബാമർ-ഹെർട്ട്‌ലാൻഡ് ഓഫ് സഗൈങ്ങ്, മാഗ്‌വെ പ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങളും സൈന്യം അഗ്നിയ്ക്കിരയാക്കി. 2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് ശേഷം നടക്കുന്ന വ്യോമാക്രമണങ്ങളിലും പീരങ്കി ഷെല്ലാക്രമണങ്ങളിലും ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിലെ ഗ്രാമങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോൺവെന്റുകൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ട്ടം സംഭവിച്ചിരിന്നു. 2023-ലെ കണക്കുകള്‍ പ്രകാരം മ്യാന്മാറിലെ ആകെ ജനസംഖ്യയുടെ 8% മാത്രമാണ് ക്രൈസ്തവര്‍.

-


Related Articles »