News - 2025
മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കത്തോലിക്ക ദേവാലയം തകര്‍ന്നു
പ്രവാചകശബ്ദം 11-02-2025 - Tuesday
മിൻഡാറ്റ്: മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ചിൻ സംസ്ഥാനത്തിലെ മിൻഡാറ്റിലുള്ള തിരുഹൃദയ കത്തോലിക്ക ദേവാലയത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ജനുവരി 25 ന് ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച മിൻഡാറ്റ് രൂപതയുടെ കത്തീഡ്രലായി ഈ പള്ളിയെ അടുത്തിടെ ഉയര്‍ത്തിയിരിന്നു. ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) മ്യാൻമർ സൈന്യവും തമ്മില്‍ അടുത്ത നാളുകളില്‍ നടന്ന ഏറ്റുമുട്ടലിന്റെ വേദിയായിരുന്നു മിൻഡാറ്റ്. ഫെബ്രുവരി ആറിനാണ് കത്തീഡ്രലില്‍ ബോംബ് സ്‌ഫോടനം നടന്നത്. എന്നാൽ പുറം ലോകം വാര്‍ത്ത അറിയുന്നതു ദിവസങ്ങള്‍ക്ക് ശേഷമാണ്.
നിരവധി ബോംബുകൾ കെട്ടിടത്തിൽ പതിച്ചുവെന്നും മേൽക്കൂരയും ഗ്ലാസ് ജനലുകളും നശിപ്പിക്കപ്പെട്ടുവെന്നും 'ഏജന്‍സിയ ഫിഡെസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അരക്ഷിതാവസ്ഥയും പോരാട്ടവും കാരണം വൈദികരും വിശ്വാസികളും പ്രദേശം വിട്ടുപോയതിനാൽ ആളപായമില്ല. തങ്ങളുടെ പള്ളി ബോംബാക്രമണത്തിൽ തകർന്നതിൽ വളരെ സങ്കടമുണ്ടെന്നും ഇത് ഹൃദയത്തിലേറ്റ മുറിവാണെന്നും പക്ഷേ, തോൽപ്പിക്കാൻ അനുവദിക്കില്ലായെന്നും ദേവാലയം പുനർനിർമ്മിക്കുമെന്നും പ്രാദേശിക വൈദികനായ ഫാ. പോളിനസ് പറഞ്ഞു.
പുതിയ രൂപതാധ്യക്ഷനായി നിയമിതനായ ഫാ. അഗസ്റ്റിൻ താങ് സാം ഹംഗിൻ്റെ മെത്രാഭിഷേകം ഉൾപ്പെടെ ആരാധനക്രമ ആഘോഷങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി അടുത്ത ദിവസങ്ങളിൽ പ്രാദേശിക വൈദികർ പള്ളിയിൽ പരിശോധനകൾ നടത്തിയിരുന്നു. സൈനിക ഭരണകൂടത്തിനെതിരെ ഉയർന്നുവന്ന സിഡിഎഫ്, പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഈ പ്രദേശം മോചിപ്പിക്കപ്പെട്ടുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തത് കഴിഞ്ഞ മാസമാണ്. നിരവധി അതിർത്തി പ്രദേശങ്ങളിൽ, സിഡിഎഫ് സ്വയംഭരണത്തിനായി പോരാടുന്ന വംശീയ സായുധ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കി പ്രവര്‍ത്തിച്ച് വരികയാണ്. ഇവരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് ദേവാലയം തകര്‍ന്നതെന്ന് വിലയിരുത്തപ്പെടുന്നു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️