Editor's Pick

ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08

ഡോ. സെബാസ്റ്റ്യൻ കിഴക്കേൽ, ഡോ. ജോസ് പെണ്ണാപറമ്പിൽ 16-01-2024 - Tuesday

ദൈവത്തിന്റെ ഹിതം ജനത്തിനു വെളിപ്പെടുത്തിക്കൊണ്ട് അവർക്കിടയിൽ മാധ്യസ്ഥം വഹിക്കാനായി ദൈവത്താൽ പ്രത്യേകം വിളിക്കപ്പെടുന്നവരാണ് പ്രവാചകന്മാർ. 'ദൈവമനുഷ്യർ' എന്നറിയപ്പെടുന്ന (1 സാമു 2, 27; 9, 6-10; 1 രാജാ 12 , 22) ബൈബിളിലെ പ്രവാചകന്മാർ ഇസ്രായേൽ ചരിത്രത്തിന്റെ സവിശേഷതയാണ്.

ഇസ്രായേൽ ജനത്തിനിടയിൽ ദൈവത്തിനുവേണ്ടി സംസാരിച്ചവരാണ് പഴയനിയമ പ്രവാചകർ (spokesman of God). ദൈവത്തിന്റെ വിളിയാണ് അവരുടെ വാക്കുകൾക്ക് ആധികാരികത നൽകിയത്. രാജത്വവും പൗരോഹിത്യവും പോലെ പരമ്പരാഗതമായി ലഭിക്കുന്നതായിരുന്നില്ല പ്രവാചകദൗത്യം. ഇതിനായി അവരെ ആരെങ്കിലും നിയമിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുകയുമായിരുന്നില്ല. അതിനാൽ ദൈവത്തോടുമാത്രമായിരുന്നു പ്രവാചകർക്കു കടപ്പാട്.

പ്രവാചകദൗത്യം

പ്രവാചകർ പ്രധാനമായും ദൈവത്തിന്റെ സന്ദേശവാഹകരായിരുന്നു. അവർ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു (ഹബ 2,9-12; ഏശ 3, 14-15); പ്രതിരോധശേഷിയില്ലാത്തവരുടെ പ്രതിരോധമായിരുന്നു (ജറെ 22, 3; 21,12); പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പടവെട്ടുന്നവരായിരുന്നു (ആമോ 8, 4-6; 5-24; ജറെ 7, 5-7); ബലഹീനരുടെ സംരക്ഷകരായിരുന്നു (എസെ 34, 16); ദുഷ്‌ട ജീവിതരീതികൾക്കെതിരെ ശബ്ദിക്കുന്നവരായിരുന്നു (ഏശ 1, 16-17); വിഗ്രഹാരാധനക്കെതിരെ പ്രവർത്തിക്കുന്ന പടയാളികളായിരുന്നു (ഹബ 2, 18-19); മിശിഹായുടെ ആഗമനം പ്രഘോഷിക്കുന്നവരായിരുന്നു (ഏശ 7, 14); അവർ ദൈവത്തിന്റെ വക്താക്കളായിരുന്നു (സങ്കീ 7, 9-10); ദൈവത്തിന്റെ നാമത്തിൽ വിലപിക്കുന്നവരായിരുന്നു (ഏശ 1, 2-3; ജറെ 2, 32); തെറ്റായ ഉപാസനരീതികളെ വിമർശിക്കുന്നവരായിരുന്നു (മിക്ക 6, 6-7); ദൈവം നിശ്ചയിച്ചാക്കിയ കാവൽക്കാരായിരുന്നു (എസ 3, 16-21; 33, 7-9); ദൈവത്തിനുവേണ്ടി പീഡകളേൽക്കാൻ തയ്യാറുള്ളവരായിരുന്നു (ജറെ 26, 13-15; 20, 7); ധാർമ്മികമൂല്യങ്ങളുടെ സംരക്ഷകരായിരുന്നു (ഏശ 5, 8; ജറെ 5, 27-28; ആമോ 3, 9); അവർ ജനങ്ങളുടെ മനസ്സാക്ഷിയായി പ്രവർത്തിച്ചവരായിരുന്നു (മിക്കാ 6, 8).

പ്രവാചകന്മാരുടെ പേരിലുള്ള പുസ്തകങ്ങളുടെ വലുപ്പമനുസരിച്ച്, വലിയ പ്രവാചകന്മാർ (major prophets) ചെറിയ പ്രവാചകന്മാർ (minor prophets) എന്ന് രണ്ടു ഗണമായി അവരെ തിരിക്കാറുണ്ട്. ഏശയ്യാ (ബി.സി.740-700), ജെറമിയ (640-585), എസക്കിയേൽ (623-570), ദാനിയേൽ എന്നിവരാണ് വലിയ പ്രവാചകന്മാർ. രണ്ടാം ഗണത്തിൽ പന്ത്രണ്ടു പേരാണുള്ളത്. ആമോസ് (ബി.സി.762), ഹോസിയാ (750-722), മിക്കാ (725-700), സെഫാനിയ (627-622), നാഹും (612നു മുമ്പ്) ഹബക്കൂക്‌ (605-598), ഒബാദിയാ (587 നു ശേഷം), ഹഗ്ഗായി (520), സഖറിയാ (520-518), മലാക്കി (515-445), ജോയേൽ (400-350), ജോനാ (400 നു ശേഷം).

യോഹന്നാൻ മാംദാന ‍

ബൈബിളിലെ പ്രവാചകനിരയിൽ അവസാനത്തെ വ്യക്തി പുതിയനിയമത്തിൽ കാലൂന്നി നിൽക്കുന്ന സ്നാപക യോഹന്നാനാണ്. കർത്താവായ മിശിഹായ്ക്കു വഴിയൊരുക്കാനായി വരുമെന്നു മലാക്കി പ്രവാചകൻ മുൻകൂട്ടി അറിയിച്ചുരുന്ന (മലാക്കി 4, 5) മുന്നോടിയാണ് യോഹന്നാൻ. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ ഈശോമിശിഹായെ പരിചയപ്പെടുത്തിയ യോഹന്നാന് (യോഹ 1, 29) ഹെറോദൂ രാജാവിന്റെ അനീതിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ സ്വജീവൻ നഷ്‌ടമായി (മർക്കോ 6, 17-29).

പ്രവാചകന്മാർ സ്വന്തം ജീവിതം ദൈവത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തവരായിരുന്നു. സ്വന്തം സന്തോഷവും സുരക്ഷയും അവർ കാര്യമായി പരിഗണിച്ചില്ല, അവർ ദൈവത്തിന്റെ ഉപകരണങ്ങളായി സ്വയം സമർപ്പിച്ചു. അവരുടെ പ്രബോധനങ്ങളുടെ പ്രസക്തി ഒരിക്കലും നഷ്ടമാകുന്നില്ല. ദൈവഭയത്തിന്റെയും ധാർമികതയുടെയും ജീവിക്കുന്ന സാക്ഷ്യങ്ങളായിരുന്നു അവർ ഓരോരുത്തരും; എല്ലാകാലത്തുമുള്ള ഭക്തർക്ക് അനുകരണീയരും.

ഖുർആനിലെ പ്രവാചകർ ‍

ഖുർആൻ പ്രകാരം മനുഷ്യചരിത്രത്തിന്റെ അവസാനത്തെ പ്രവാചകൻ മുഹമ്മദാണ്. 'പ്രവാചകരുടെ മുദ്ര' (seal of prophets) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത് (സൂറ 33, 40). ആദം മുതലുള്ള പഴയനിയമ കഥാപാത്രങ്ങളെയെല്ലാം അറബി പേരു നൽകി ഖുർആൻ പ്രവാചകരായി അവതരിപ്പിക്കുന്നു. ഇസ്രായേൽ ചരിത്രത്തിൽ ഇവരിൽ പലരും (ഉദാ: അഹറോൻ, ദാവീദ്, സോളമൻ) പ്രവാചകരേ ആയിരുന്നില്ല എന്നതാണു വാസ്തവം.

ദൈവപുത്രനായ ഈശോയും (ഈസ) ഖുർആനിൽ ഒരു പ്രവാചകൻ മാത്രമാണ്! മുഹമ്മദിനെ അവസാനത്തെ പ്രവാചകനായി അവതരിപ്പിക്കാനായി ബൈബിളിലെ സമയക്രമം (chronology) പരിഗണിക്കാതെ ഉണ്ടാക്കിയ ഒരു പട്ടികയാണ് ഖുർആനിൽ കാണുന്നത്. ബൈബിളിലെ പ്രവാചകരെപ്പോലെ ഖുർആനിലെ ഈ പ്രവാചകർ എന്തെങ്കിലും ദൈവിക ദൗത്യത്തിൽ ഏർപ്പെട്ടിരുന്നതായും കാണുന്നില്ല. ബൈബിളിലെ പ്രവാചകരെല്ലാം പലസ്തീനിയായിൽ ജീവിച്ചിരുന്ന യഹൂദരായിരുന്നു. അറേബ്യായിലെ ഒരു പ്രവാചകനെക്കുറിച്ചും ബൈബിൾ പ്രതിപാദിക്കുന്നില്ല. ഒരു യഹൂദനോ ബൈബിളിലെ പ്രവാചക പാരമ്പര്യമുള്ള വ്യക്തിയോ അല്ലാതിരുന്ന മുഹമ്മദിനെ ബൈബിളിലെ പ്രവാചകന്മാരുടെ അവസാന കണ്ണിയായി അവതരിപ്പിക്കുന്നതു തികച്ചും സത്യവിരുദ്ധമാണ്.

മുഹമ്മദ് പ്രവാചകനോ? ‍

എ.ഡി. 570 ഏപ്രിൽ 20ന് സൗദി അറേബ്യയിലെ മക്കയിൽ മുഹമ്മദ് ജനിച്ചു എന്നാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്. ഖുറേഷി ഗോത്രത്തിലെ ബാനു ഹാഷീം കുടുംബത്തിലെ അബ്‌ദുള്ളയും ആമിനയുമാണ് മാതാപിതാക്കൾ. മുഹമ്മദിന്റെ ജനനത്തിനു വളരെ മുമ്പേ പിതാവ് മരിച്ചു; ആറാംവയസ്സിൽ അമ്മയും, നാലു വയസു വരെ ഒരു അറേബ്യൻ സ്ത്രീ മുഹമ്മദിനെ പാലൂട്ടി. ആറു വയസു മുതൽ വല്യപ്പനായ അബ്‌ദുൾ മുത്താലിബും അദ്ദേഹത്തിന്റെ മരണശേഷം (പതിനൊന്നു വയസുമുതൽ) അമ്മയുടെ സഹോദരനായ അബു താലിബുമാണ് മുഹമ്മദിനെ വളർത്തിയത്.

ബാനു ഹാഷീം കുടുംബം ഇസ്മായേലിന്റെ സന്തതി പരമ്പരയിൽപ്പെട്ടവരാണ് എന്നു പഠിപ്പിക്കുന്ന മുസ്ലീങ്ങളുണ്ട്. ഇതു സത്യവിരുദ്ധമാണ് എന്നു ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. "ഒരു ജനതയ്ക്കു നീ താക്കീത് നൽകുവാൻവേണ്ടി. അവരുടെ പിതാക്കന്മാർക്ക് താക്കീത് നൽകപ്പെട്ടിട്ടില്ല." (സൂറ 36, 6). ഖുറേഷി ജനതയ്ക്കു താൻ മുമ്പൊരിക്കലും ഒരു താക്കീതും നൽകിയിട്ടില്ലെന്നാണ് അറബി ദേവനായ അള്ളാ പറയുന്നത്. സത്യദൈവമായ യാഹ്‌വെയിൽനിന്നു താക്കീത് (വെളിപാട്) ലഭിച്ച വ്യക്തിയാണ് അബ്രാഹവും അദ്ദേഹത്തിന്റെ സന്തതികളായ ഇസഹാക്കും ഇസ്മായേലും. ബൈബിളിലെ ഇസ്മായേലുമായി അറബികൾക്കു യാതൊരു ബന്ധവുമില്ലെന്നു ഖുർആൻ ആവർത്തിച്ചു സ്ഥാപിക്കുന്നു: "നിനക്കുമുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീതു നൽകുവാൻ വേണ്ടിയത്രെ"(സൂറ 28, 46). "അവർക്കു പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവർക്ക് നൽകിയിരുന്നില്ല. നിനക്കുമുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല" (സൂറ 34, 44). മാത്രവുമല്ല, ബൈബിളിലെ ഇസ്മായേല്യർക്ക് ഇസ്‌ലാമിക ചരിത്രത്തിലെ ഖുറേഷി ഗോത്രവുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി തെളിയിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടുമില്ല.

എ.ഡി.595-ൽ മുഹമ്മദിന് 25 വയസ്സുള്ളപ്പോൾ തന്നെക്കാൾ 15 വയസ് കൂടുതലുള്ള ഖുറേഷി ഗോത്രത്തിലെതന്നെ ഖദീജ എന്ന ധനികയായ വിധവയെ വിവാഹം കഴിച്ചു; ആ ബന്ധത്തിൽ അവർക്ക് ഏഴ് കുട്ടികൾ ജനിച്ചു; നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. ഇവരിൽ ഫാത്തിമ എന്ന പെൺകുട്ടിയൊഴികെ എല്ലാവരും ശൈശവത്തിൽ തന്നെ മരിച്ചു. (ഈ ഫാത്തിമയുടെ ഭർത്താവായ അലിയായിരുന്നു നാലാമത്തെ ഖലീഫ). ബാല്യംമുതൽ അനാഥത്വത്തിന്റെ ദുഃഖമനുഭവിച്ചു വളർന്നുവന്ന മുഹമ്മദിന് ഖദീജയുമായുള്ള ബന്ധം സമൂഹത്തിൽ വലിയ സ്ഥാനം നേടിക്കൊടുത്തു.

എ.ഡി. 610-ൽ നാല്പതാമത്തെ വയസ്സിൽ മക്കയിലെ ഹീറ എന്ന ഗുഹയിൽവച്ച് ഉണ്ടായതായി പറയപ്പെടുന്ന ജിബ്രീൽ മലക്കിന്റെ ഒരു ദർശനമാണ് മുഹമ്മദിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്.. 'അള്ളായുടെ നാമത്തിൽ ചൊല്ലുക' എന്ന അരുളപ്പാട് തനിക്കു ദർശനത്തിലുണ്ടായെന്ന് മുഹമ്മദ് ഭാര്യയായ ഖദീജയോടും അവരുടെ ബന്ധുവായ വാറാഖ് എന്ന ക്രിസ്ത്യൻ സ്നേഹിതനോടും പറഞ്ഞു. അള്ളാ മുഹമ്മദിനെ പ്രവാചകനായി നിയമിച്ചതാണ് ഇതെന്ന് അവർ വ്യാഖ്യാനിച്ചതിൻ പ്രകാരം മുഹമ്മദ് പ്രഘോഷണം ആരംഭിച്ചു.

ബഹുദൈവവിശ്വാസികളായ ഗോത്രവർഗങ്ങൾക്കു പുറമേ ഏകദൈവ വിശ്വാസികളായ യഹൂദരും ക്രിസ്ത്യാനികളും മുഹമ്മദിന്റെ കാലത്ത് ധാരാളമായി അറേബ്യയിൽ ഉണ്ടായിരുന്നു. ഏകദൈവവിശ്വാസികളായ ക്രിസ്ത്യാനികളുടെയും യഹൂദരുടെയും സ്വാധീനത്തിൽ മുഹമ്മദ് അള്ളായെ ഏക ദൈവമായി അവതരിപ്പിച്ചു തുടങ്ങി.

'അള്ളാഹു മാത്രമേ ദൈവമായുള്ളൂ' (ലാ ഇലാഹ് ഇൽ അള്ളാ ) എന്ന് പ്രഘോഷിച്ചു തുടങ്ങിയ മുഹമ്മദ്, ജിബ്രിൽ പറഞ്ഞുകൊടുത്തവ ആയി തന്റെ അനുയായികളെ പഠിപ്പിച്ചത് ബൈബിളിലും സൊറാസ്ട്രിയൻ മതത്തിലും നിന്നുമെടുത്ത കാര്യങ്ങളായിരുന്നു. ബൈബിളിലെ സംഭവങ്ങളെയും വ്യക്തികളെയും കൂട്ടിക്കുഴച്ച്, സ്വന്ത അഭീഷ്ടങ്ങൾക്കുതകുംവിധം അവതരിപ്പിച്ചു. അള്ളായാണ് പ്രപഞ്ചസ്രഷ്ടാവെന്നും ശക്തനായ അള്ളാ അന്ത്യദിനത്തിൽ നന്മതിന്മകൾക്കനുസരിച്ചു വിധിക്കുമെന്നും മുഹമ്മദ് പ്രഘോഷിച്ചു.

പഴയനിയമത്തിലെ യാഹ്‌വെ ഖുറേഷി മതദൈവമായ അള്ളാ തന്നെയാണ് എന്നു തെറ്റുദ്ധരിപ്പിക്കുംവിധം വിവരണങ്ങൾ നൽകി. പക്ഷേ, യഹൂദരും ക്രിസ്ത്യാനികളും വിശ്വസിക്കുന്ന യാഹ്‌വെയും മുഹമ്മദ് പ്രഘോഷിച്ച അള്ളായും ഒരാളല്ല, വ്യത്യസ്‌ത ദൈവങ്ങളാണ് എന്നു നമ്മൾ കണ്ടതാണല്ലോ.

മക്കയിലായിരുന്ന കാലമത്രയും മുഹമ്മദ് യഹൂദരോടും ക്രിസ്ത്യാനികളോടും സൗഹൃദത്തിലാണു കഴിഞ്ഞിരുന്നത്. മക്കയിൽവച്ചു വെളിപ്പെട്ടു എന്നവകാശപ്പെടുന്ന ഖുർആനിലെ ആദ്യ അധ്യായങ്ങളിൽ ഇതു പ്രകടമാണ്. "മതത്തിൽ നിർബന്ധം പാടില്ല" (സൂറ 2, 256).

ക്രിസ്ത്യാനികളെയും യഹൂദരെയും 'വേദക്കാര്‍' എന്നാണ് ആദ്യകാല സൂറത്തുകള്‍ വിശേഷിപ്പിക്കുന്നത് ( സൂറ 2, 136; 3,84; 4,47; 5,77; 10,94).

ഖുറേഷികളുടെ മറ്റു ദേവന്മാരെ തള്ളിപ്പറയുകയും അള്ളായെ മാത്രം ദേവനായി അവതരിപ്പിക്കുകയും ചെയ്തതതുമൂലം മക്ക നിവാസികൾ മുഹമ്മദിനെ ഒരു പാഷണ്ഡിയായി കണക്കാക്കി. പത്തുവർഷം പ്രഘോഷിച്ചിട്ടും അദ്ദേഹത്തിന് മക്കയിൽ 150-ൽ താഴെ അനുയായികളെ മാത്രമെ ലഭിച്ചുള്ളൂ.

മക്കയിൽ വലിയ വിജയ സാധ്യതയില്ല എന്നു തിരിച്ചറിഞ്ഞ മുഹമ്മദ് എ.ഡി. 622-ൽ അവിടെനിന്നു മദീനയിലേക്ക് പലായനം ചെയ്തതതിനുശേഷം അദ്ദേഹത്തിനു മറ്റു മതങ്ങളോടുള്ള സമീപന രീതിയിൽ കാതലായ മാറ്റം വന്നു. യഹൂദരും ക്രിസ്ത്യാനികളും വേദക്കാരാണെങ്കിലും തന്റെ കൂട്ടത്തിൽ കൂടാതിരുന്നതുമൂലം അദ്ദേഹം അവരെ 'അവിശ്വാസികൾ' എന്നു മുദ്രകുത്തി.

തന്റെ പ്രബോധനം സ്വീകരിക്കാൻ വിസമ്മതിച്ച മറ്റു മതവിശ്വാസികളെയെല്ലാം ആക്രമിച്ചു കീഴടക്കുകയും നിർബന്ധിച്ച് അനുയായികളാക്കുകയും ചെയ്‌തു. ഇസ്ലാംമതം സ്വീകരിക്കാതിരുന്നവരെയെല്ലാം അദ്ദേഹം കൊന്നൊടുക്കി. മറ്റു മതവിശ്വാസികളുടെ മുമ്പിൽ മൂന്നു സാധ്യതകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇസ്ലാംമതം സ്വീകരിക്കുക, ഭീമമായ മതനികുതി കൊടുക്കുക, കൊല്ലപ്പെടുക. എ.ഡി.622 മുതൽ 632-ൽ മരിക്കുന്നതുവരെ മുഹമ്മദ് ഇരുപതോളം യുദ്ധങ്ങൾ നേരിട്ടും ഇരുപത്തിരണ്ടിൽപ്പരം യുദ്ധങ്ങൾ ആഹ്വനം വഴിയും മതവ്യാപനത്തിനു വേണ്ടി നടത്തി.

ഇതരവിശ്വാസികളോടു മുഹമ്മദ് പുലർത്തിയിരുന്ന മനോഭാവം തന്നെയാണു ഖുർആനിൽ പ്രതിഫലിക്കുന്നത് "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്" (സൂറ 5,52; സാഹിഹ് മുസ്ലിം 26,5389). "സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്." (സൂറ 3,28; 4,144). "ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയിടത്തുവെച്ച് കൊന്നുകളയുക, അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സക്കാത്ത് നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കി കൊടുക്കുക" (സൂറ 9,5)

ഖദീജയുടെ മരണശേഷം മുഹമ്മദ് 6 വയസ്സുള്ള ആയിഷ (ബുഖാരി 58,234), വളർത്തുമകനായ സയദിന്റെ ഭാര്യയായ സൈനബ (സൂറ 33,37) തുടങ്ങി പതിനൊന്നു സ്ത്രീകളെ നിയമപരമായി വിവാഹം ചെയ്‌തു. കൂടാതെ, അനേകം ഉപനാരിമാരെയും അടിമസ്ത്രീകളെയും മുഹമ്മദ് തന്റെ ലൈംഗിക തൃഷ്‌ണയ്ക്കായി ഉപയോഗിച്ചിരുന്നതായി ജീവചരിത്രകാരനായ ഇബിൻ ഇഷാക്ക് രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ ഹദീസുകളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു (ബുഖാരി 5,268).

എ.ഡി. 632-ൽ മുഹമ്മദ് തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ ഒരു യഹൂദ സ്ത്രീ ഒരുക്കിയ സൽക്കാരത്തിനിടെ വിഷം കലർന്ന ഭക്ഷണം കഴിച്ച് ഒരാഴ്ച്ചക്കുള്ളിൽ മരിച്ചു (ബുഖാരി 29,713; അബു ദൗഡ് 39, 4498).

മൂശ മുൻകൂട്ടി അറിയിച്ച പ്രവാചകനോ മുഹമ്മദ്? ‍

നിയമാവർത്തനപുസ്തകം 18,15-18 ന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് പഴയനിയമ പ്രവാചക പാരമ്പര്യത്തിൽപെട്ടവനാണ് എന്ന് അവകാശപ്പെടുന്നത്. പ്രസ്‌തുത ഭാഗത്ത് മൂശേയിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: "നിന്റെ ദൈവമായ കർത്താവു നിന്റെ സഹോദരങ്ങളുടെ ഇടയിൽനിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി ഉയർത്തും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്" (നിയ 18, 15). ഇതേകാര്യം തന്നെ 18 ആം വാക്യത്തിലും ആവർത്തിക്കപ്പെടുന്നുണ്ട്. ഇവിടെ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രവാചകനാണു മുഹമ്മദ് എന്നാണ് ചിലരുടെ വാദം. 'നിന്റെ സഹോദരങ്ങളുടെ' ഇടയിൽ നിന്ന് ഒരു പ്രവാചകനെ ഉയർത്തും എന്നാണു പറഞ്ഞിരിക്കുന്നത്. ഇസ്രായേൽ ജനത്തിലാണ് ഈ വാഗ്‌ദാനം നൽകപ്പെട്ടത്. അതായത്, ഇസ്രായേൽക്കാരിൽ നിന്നുതന്നെ ദൈവം ഒരു പ്രവാചകനെ അവർക്കുവേണ്ടി ഉയർത്തും എന്നു സാരം. അല്ലാതെ, മറ്റേതെങ്കിലും ജനതയിൽനിന്ന് ഒരു പ്രവാചകനെ നൽകുമെന്നല്ല ദൈവം വാഗ്‌ദാനം ചെയ്‌തത്‌.

നിയ 18,15-18-ൽ പരാമര്ശിക്കപ്പെട്ടിരിക്കുന്ന മൂശെയെപ്പോലുള്ള പ്രവാചകൻ, യൂദാഗോത്രത്തിലും ദാവീദിന്റെ വംശപരമ്പരയിലും പിറന്ന ദൈവപുത്രനായ ഈശോമിശിഹായാണ് എന്നു പത്രോസ് ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നുണ്ട് (നടപടി 3,22). 'ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്' (മത്താ 11,29) എന്നു പറഞ്ഞ ഈശോയാണ്, 'ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലുംവച്ച് ഏറ്റവും സൗമ്യനായിരുന്ന' (സംഖ്യ 12,3 )മൂശെയെപ്പോലെയുള്ള പ്രവാചകൻ.

ഈശോ വാഗ്‌ദാനം ചെയ്‌ത സഹായകനോ മുഹമ്മദ്? ‍

യോഹന്നാന്റെ സുവിശേഷം 14,16-ൽ ഈശോമിശിഹാ ഇപ്രകാരം ഒരു വാഗ്‌ദാനം നൽകുന്നുണ്ട്.: " ഞാൻ പിതാവിനോട് പ്രാർത്ഥിക്കുകയും എന്നേക്കും നിങ്ങളോട് കൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്കു തരുകയും ചെയ്യും." ഈശോ വാഗ്‌ദാനം ചെയ്‌ത ഈ 'സഹായകൻ' മുഹമ്മദ് ആണ് എന്നു വാദിക്കുന്നവരുണ്ട്.

എന്നാൽ, തുടർന്നുള്ള ഒരു വാക്യത്തിൽ ഈ 'സഹായകൻ' ആരാണെന്ന് ഈശോതന്നെ വ്യക്തമാക്കുന്നു: "എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്... (യോഹ 14,16), ഈശോ വാഗ്‌ദാനം ചെയ്‌ത 'സഹായകൻ' പരിശുദ്ധാത്മാവാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. അതു പിതാവിൽനിന്നു പുറപ്പെടുന്ന സത്യാത്മാവാണ് (യോഹ 15,26) എന്നും അവിടുന്നു പഠിപ്പിക്കുന്നു. സഹായകനായ ഈ ആത്മാവിനെ അയയ്ക്കുന്നതാകട്ടെ ഈശോതന്നെയും. ഈശോ സഹായകനെ വാഗ്‌ദാനം ചെയ്‌തത്‌ തന്റെ ശിഷ്യഗണമായ ക്രൈസ്തവർക്കാണ്. ഈ വാഗ്‌ദാനം - ഉന്നതങ്ങളിൽ നിന്നുള്ള ശക്തി - സ്വീകരിക്കുന്നതുവരെ ജറുസലേം നഗരത്തിൽ വസിക്കുവാൻ അവിടന്നു ശിഷ്യർക്കു കൽപ്പനയും നൽകിയിരുന്നു. (ലൂക്കാ 24,49). പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യന്മാരുടെമേൽ (നടപടി 1,14) പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ് വരികയും ചെയ്‌തു (നടപടി 2,4). ഈശോ കൽപ്പിച്ചിരുന്നതുപോലെ ഈ സഹായകന്റെ ശക്തിയാൽ ശ്ലീഹന്മാർ പ്രസംഗിക്കുകയും പഠിപ്പിക്കുകയും സാക്ഷ്യം നൽകുകയും ചെയ്‌തതു വഴിയാണു തിരുസഭ ജന്മമെടുത്തത്. ഈശോ വാഗ്‌ദാനം ചെയ്‌ത സഹായകൻ മുഹമ്മദ് അല്ലാ എന്നു ബൈബിളിൽ നിന്നുതന്നെ വ്യക്തമാണ്.

ഇസ്രായേൽ പ്രവാചകന്മാരുടെ പാരമ്പര്യമോ ദൗത്യമോ ധാർമികതയോ അവകാശപ്പെടാനില്ലാത്ത മുഹമ്മദിനെ ബൈബിൾ പ്രകാരമുള്ള ഒരു പ്രവാചകനാണ് എന്നു പറയുന്നത് തികച്ചും തെറ്റാണ്.

(''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤ ➤➤➤ (തുടരും...) ➤➤➤

ഈ ലേഖനപരമ്പരയുടെ ആദ്യ ഏഴുഭാഗങ്ങള്‍:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍

വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍

ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുറിപ്പുകൾ ‍

1. A . Guillaume, The Life of Mohammad, Karachi, 2004, 73-82.

2. ........, The Life of Mohammad, 110-111.

3.........., The Life of Mohammad, 98-100.

4.........., The Life of Mohammad, 130-131.

5. ........, The Life of Mohammad, 104.

സഹായഗ്രന്ഥങ്ങൾ ‍

1. Shourie Arun,The World of Fatwas or The Sharia in Action, New York 2012.

2. Spencer Robert, Did Muhammad Exist?: An Inquiry Intro Islam Obscure Origins , New York 2012.

3. ....., Religion of Peace? Why Christianity Is and Islam Isn't, Hertfordshire 2007.

4. ......, The Myth of Islamic Tolerance: How Islamic Law Treats Non-Muslims (editor), Armherst NY 2005.

5. Warraq Ibn, The Quest for the Historical Muhammad, edited and translated by Ibn Warraq, Amherst NY 2000.


Related Articles »