News - 2024
രണ്ട് വര്‍ഷത്തിന് ശേഷം ചൈനയില്‍ വീണ്ടും മെത്രാനെ നിയമിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 27-01-2024 - Saturday
ഷെങ്‌ഷോ: 2021 സെപ്തംബർ 8ന് വുഹാനില്‍ നടന്ന സ്ഥാനാരോഹണത്തിന് രണ്ട് വർഷത്തിന് ശേഷം ചൈനയിൽ, പുതിയ ബിഷപ്പിനെ മാർപാപ്പ നിയമിച്ചു. ചൈന പാട്രിയോട്ടിക് അസോസിയേഷൻ്റെ പ്രസിഡന്‍റ് കൂടിയായ ഫാ. വാങ് യൂഷെങ്ങിനെ, ചൈനയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്‌ഷോവിലെ മെത്രാനായാണ് അഭിഷിക്തനായിരിക്കുന്നത്.
ബിഷപ്പുമാരുടെ നിയമനത്തെ സംബന്ധിച്ച് പരിശുദ്ധ സിംഹാസനവും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള കരാർ പ്രകാരം നടന്ന ചടങ്ങിൽ ഷാങ്ഹായ് ബിഷപ്പ്, ജോസഫ് ഷെൻ ബിൻ മുഖ്യകാര്‍മ്മികനായി. 2022 ഒക്ടോബറിൽ രണ്ടാമത് കരാര്‍ പുതുക്കിയത് മുതൽ, ബെയ്‌ജിംഗും വത്തിക്കാനും തമ്മിലുള്ള സമ്മതപ്രകാരമാണ് പുതിയ ബിഷപ്പിന്റെ നിയമനം. രണ്ട് വർഷം മുൻപ്, 2021 സെപ്റ്റംബർ 8ന് വുഹാൻ ബിഷപ്പായി ഫ്രാൻസിസ് കുയി ക്വിങ്ക്വി നിയമിതനായതാണ് കരാറിന് കീഴിലുള്ള അവസാനത്തെ നിയമനം.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. ഇതിനുശേഷം 2020-ൽ വീണ്ടും രണ്ടുവർഷത്തേക്ക് ഉടമ്പടി പുതുക്കിയിരിന്നു.