News - 2024

നോമ്പില്‍ സാക്ഷ്യവുമായി വിവിധ ഹോളിവുഡ് താരങ്ങള്‍

പ്രവാചകശബ്ദം 18-02-2024 - Sunday

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികൾ നെറ്റിയിൽ ചാരം പൂശി നോമ്പുകാലത്തിന് ആരംഭം കുറിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വിശ്വാസ സാക്ഷ്യവുമായി ഹോളിവുഡ് താരങ്ങൾ. ലത്തീൻ ആരാധനക്രമത്തിലെ വിഭൂതി തിരുനാൾ ദിവസമായിരുന്ന ബുധനാഴ്ച, നിരവധി ഹോളിവുഡ് താരങ്ങൾ നെറ്റിയിൽ ചാരം പൂശിയുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യം നൽകി. ഹോളിവുഡ് നടന്മാരായ മാർക്ക് വാൽബർഗും, ജോനാഥൻ റൂമിയും ഫ്രാൻസിസ്കൻ വൈദികനായ ഫാ. മാർക്ക് മേരിയോടൊപ്പം വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ഫോക്സ് ന്യൂസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ പ്രാർത്ഥനാ ദിനചര്യ വിവരിച്ചു.

നെറ്റിയിൽ ചാരം പൂശി കൊണ്ട് ഒരു വൈദികനോടൊപ്പം ഉള്ള ചിത്രമാണ് ഹോളിവുഡ് താരം മാരിയോ ലോപ്പസ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്. നിങ്ങൾ ചാരമാണ്, ചാരത്തിലേക്ക് മടങ്ങും എന്നുള്ള ഓർമ്മപ്പെടുത്തലും പോസ്റ്റിൽ ഉണ്ടായിരുന്നു. തൻറെ ഭാര്യയോടൊപ്പം നെറ്റിയിൽ ചാരം പൂശി നിൽക്കുന്ന ചിത്രമാണ് ഹോളിവുഡ് താരം ഡേവിഡ് ഹെൻട്രി പങ്കുവെച്ചത്. കത്തോലിക്ക വിശ്വാസിയായ ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റണും വിഭൂതി തിരുനാൾ ദിവസം എടുത്ത ചിത്രം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു.



അമേരിക്കൻ ഫുട്ബോൾ താരമായ ഹാരിസൺ ബട്ട്ക്കർ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പ്രാർത്ഥനാ ആപ്ലിക്കേഷൻ ആയ ഹാലോയുടെ പ്രചാരണത്തിന്റെ ഭാഗമാകുമെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. നോമ്പുകാലത്ത് യേശുവിനോട് കൂടുതൽ അടുക്കേണ്ട സമയമാണെന്നും ക്രിസ്തുവിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തേണ്ടതുണ്ടെന്നും തന്റെ നെറ്റിയിലെ ചാരം പരാമർശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോളിവുഡിലെ നിരവധി പ്രമുഖ താരങ്ങള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്തവരാണ്.


Related Articles »